22/11/10

കഥകളും കവിതകളും


കൊമ്പനാന

കൊമ്പുകള്‍ രണ്ടുള്ള കൊമ്പനാണെ -
കണ്ടാല്‍ ഇവനൊരു വമ്പനാണെ
കറുകറുത്തുള്ളൊരു നിറമാണെ
തുമ്പികൈ വീശി നടപ്പാണെ
മുടിയില്ലാത്തൊരു തലയാണെ
അടി വെച്ചടിവെച്ചുള്ള നടപ്പാണെ
കാണുവാന്‍ നല്ലൊരു ചേലാണെ  
Ashfina.
 VI .A


കഥ
മാമ്പഴം തീര്‍ന്നേ....

    ഒരു മാവിലായിരുന്നു മഹാവികൃതിയായ കുഞ്ചുക്കുരങ്ങന്റെ താമസം. കുഞ്ചു ഇങ്ങനെ വികൃതി കാട്ടരുത്. അടുത്തമാരത്തിലെ അപ്പുകുരങ്ങന്‍ പറഞ്ഞു. ഒരു ദിവസം കുഞ്ചു കുരങ്ങന്‍ മാവിലിരിക്കുമ്പോള്‍ മിച്ചു മുയല്‍ താഴെക്കെത്തി. കുഞ്ചു ഒരു മാമ്പഴം പറിച്ച് മിച്ചുവിനെ എറിഞ്ഞു മിച്ചു പേടിച്ചു. മല്ലു പന്നിയെയും കുഞ്ചുകുരങ്ങന്‍ വികൃതി കാട്ടി പേടിപ്പിച്ചു. വൈകുന്നേരമാവുമ്പോഴേക്കും മാവിലെ മാമ്പഴം തീര്‍ന്നു. കുഞ്ചുവിന് വിശക്കാന്‍ തുടങ്ങി. താഴെ ഇറങ്ങി മാമ്പഴം എടുക്കാം കുഞ്ചു കരുതി. അപ്പോള്‍ അതുവഴി ഗിമ്മനാനയും കൂട്ടരും എത്തി. മാമ്പഴം ചവിട്ടി മെതിച്ചു കൊണ്ട് അവര്‍ കടന്നുപോയി. പാവം മൃഗങ്ങളെ ഉപദ്രവിച്ച ശിക്ഷയാ ഇത്. അപ്പുകുരങ്ങന്‍ പറഞ്ഞു.  ഇതു കേട്ട് കുഞ്ചു നാണിച്ചു പോയി.
മുന്‍സീറ
VI .B



കഥ
അപ്പുവും കിട്ടുവും

    കിട്ടുവും അപ്പുവും ചങ്ങാതിമാരായിരുന്നു. ഒരു ദിവസം സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ കിട്ടു ഒരു ചെടി കണ്ടു. നല്ല വെള്ളപ്പൂവുള്ള ചെടി. ഹായ് അത് നോക്ക് നല്ല ഒരു ചെടി കിട്ടു അപ്പുവിനോട് പറഞ്ഞു. ഈ ചെടി നമുക്ക് വീട്ടിലേക്ക് കൊണ്ട്‌പോകാം. പക്ഷെ ആര് ഇത് കൊണ്ടു പോകുമെന്ന കാര്യത്തില്‍ അവര്‍ തര്‍ക്കത്തില്‍ ആയി. അവസാനം ആരും കൊണ്ടുപേകേണ്ട ആ ചെടി അവിടെ തന്നെ കിടക്കട്ടെ എന്ന് രണ്ടു പേരും തീരുമാനിച്ചു നമ്മുക്ക് എപ്പോഴും ഈ സുന്ദരി ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കാമെന്ന് അപ്പു പറഞ്ഞു.
    കിട്ടൂ വേഗം വാ ... അമ്മ കാത്തു നില്‍ക്കുന്നുണ്ടാകും. നേരം വളരെ വൈകി. അപ്പുവും കിട്ടുവും വീട്ടിലേക്ക് ഓടി. അയല്‍വാസികളായ അവരെയും കാത്ത് അമ്മമാര്‍ ഇടവഴിയിലെത്തി. വൈകിയ കാരണം അവര്‍ തിരക്കി. നടന്നതെല്ലാം പറഞ്ഞു.
    പിറ്റേ ദിവസം സ്‌ക്കൂളിലേക്കുള്ള വഴിയില്‍ അവരോടൊപ്പം രാജുവും ഉണ്ടായിരുന്നു. മഹാവികൃതിയാണവന്‍. അപ്പവും കിട്ടുവും അവരുടെ കുപ്പികളില്‍ കൊണ്ടുവന്ന വെള്ളം ചെടിക്ക് ഒഴിച്ചു കൊടുത്തു. അപ്പോള്‍ രാജു അതിലെ പൂപ്പറിക്കാനായി ചെടിയുടെ അടുത്തെത്തി. അപ്പോള്‍ പൂവ് നിലവിളിച്ചു. എന്നെ പറിക്കല്ലേ....... എനിക്ക് വേദനിക്കും ഇത് കേട്ട് അപ്പുവും കിട്ടുവും രാജുവിനെ തടഞ്ഞു. അങ്ങനെ അവര്‍ സ്‌ക്കുളിലെത്തി.
    സ്‌ക്കൂള്‍ വിട്ടപ്പോള്‍ രാജു നേരത്തെ ഓടി പോകുന്നത് അപ്പുവും കിട്ടുവും കണ്ടില്ല. അവന്‍ നേരെ ആ ചെടിയുടെ അടുത്തേക്കാണ് പോയത്. അവന്‍ ആ ചെടിയെവേരോടെ പിഴുതെടുത്തു. വേദന കൊണ്ടുള്ള ചെടിയുടെ നിലവിളി അവന്‍ ശ്രദ്ധിച്ചതേയില്ല. അപ്പവും കിട്ടുവും ചെടിയുടെ അടുത്തെത്തി. എടാ........ ആ ചെടി എവിടെ ........ കിട്ടു ചോദിച്ചു അപ്പോള്‍ അവിടെ ഒരു പൂവ് വീണു കിടക്കുന്നത് അപ്പു കണ്ടു. അപ്പു പൂനിനെ കൈകളില്‍ എടുത്തു. പൂവ് നടന്നതെല്ലാം കുട്ടികളോട് പറഞ്ഞു. രാജു - രാജു എന്റെ ചെടിയെ കൊന്നു. ............. പൂവ് സങ്കടത്തോടെ പറഞ്ഞു. കുട്ടികള്‍ വീട്ടിലേക്ക് നടന്നു. അപ്പോഴാണ് ഇടവഴിയില്‍ ചിന്നി ചിതറിക്കിടക്കുന്ന ചെടിയെ കുട്ടികള്‍ കണ്ടത്. ചെടികളെയും മരങ്ങളെയും സംരക്ഷിക്കേണ്ട നന്മകള്‍ കുട്ടികള്‍ ഇങ്ങനെ ചെയ്താല്‍ .................................. അപ്പുവും കിട്ടുവും രാജുവിനെ ഉപദേശിച്ചു.                                               
ഷാനഷെറിന്‍ . വി.പി           
V - B



പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂഞ്ചിറകളുള്ള  പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേന്‍ നുകരാന്‍ പോരുന്നോ
പൂമ്പാറ്റേ പൂമ്പാറ്റേ 
നിന്റെ മേനി എന്തഴകാ

മാജിദ
VI – A



പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റേ ...... പൂമ്പാറ്റേ
എന്റെ കൂടെ പോരാമോ
എന്നുടെ പൂന്തോട്ടത്തില്‍ നിന്നും
തേന്‍ നുകരനാന്‍ നീ വന്നാട്ടെ
ചിറകുകളാട്ടി പാറിനടക്കണ
പൂമ്പാറ്റെ നീ വന്നാട്ടെ
വിവിധ വര്‍ണ്ണങ്ങളാം
അലങ്കരിച്ച നിന്‍ ചിറക്
പൂവുകളേകിയ നിറമാണോ
പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കണ പൂമ്പാറ്റേ
നിന്നുടെ ചിറകിന്‍ എന്തഴകാ
നിന്നുടെ കാതില്‍ ചൊല്ലാനായ്
വരുമോ വരുമോ നീ വരുമോ
എന്‍ പൂന്തോട്ടത്തിലെ റാണിയായി.

ഹാഫിസജമാല്‍സുല്‍ത്താന
 V – B








ബലൂണ്‍ ചങ്ങാതി

കണ്ടാല്‍ നല്ലൊരു കുടവയറാ
കാറ്റു കൊതിച്ച പെരും കൊതിയാ
ആരേ ചുറ്റും നോക്കുന്നു
ആരേ ക്കാത്തു കിടക്കുന്നു
കുട്ടി കളു മൊത്ത് കളിക്കുന്നു
കൂടേ കൂടി നടക്കാനും
കാറ്റില്‍ പൊങ്ങി പറക്കാനും
കാത്തു കിടക്കുകയല്ലേ ഞാന്‍

മുന്‍സീറ
 VI B

30/10/10

അയ്യപ്പന്‍

അയ്യപ്പന്‍

'ഇനി വരേണ്ടത് ലക്ഷ്മണയുടെ ആത്മകഥ'- ഗ്രോ വാസു

'സത്യം എന്നെങ്കിലും പുറത്ത് വരാതിരിക്കില്ല' എന്ന, ഉപനിഷദ്വചനം ആധാരമാക്കിയ പ്രസ്താവന കൊണ്ടാണ് കോടതി വര്‍ഗ്ഗീസ് കേസില്‍ വിധിപ്രസ്താവം തുടങ്ങിയത്. ഇന്ത്യക്കാരന്റെ വിധിവിശ്വാസത്തിന്റെ നേരിയ ചുവ ഈ പ്രസ്താവനയിലുണ്ട്. എന്നെങ്കിലും പുറത്ത് വരാന്‍ ഇടയുള്ള സത്യത്തെകുറിച്ചുള്ള പ്രതീക്ഷയാണ് ഏതൊരു ഇന്ത്യക്കാരനെയും ജീവിപ്പിക്കുന്നത് എന്ന് കോടതിയുടെ നാവില്‍ നിന്നു തന്നെ പുറത്തു വരുന്നു. 'വിധി'ക്ക് അങ്ങനെയൊരു 'പൊസിറ്റീവ്' വശമുണ്ട്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ഗീതയും പറയുന്നു.
വളരെ വൈകിയെത്തിയ വിധി ഏറെ ചൊടിപ്പിച്ചത് വര്‍ഗ്ഗീസ് കൊല്ലപ്പെട്ട കാലത്ത് പ്രതിപക്ഷത്തുണ്ടായിരുന്നവരെയാണ്. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ വര്‍ഷങ്ങളോളം 'ഒളിപ്പിച്ചു' വെച്ച മഹാപാതകത്തെ കുറിച്ച് എഡിറ്റോറിയലുകള്‍ വരെ വന്നു. വളരെയേറെ പറയപ്പെട്ടതും എഴുതപ്പെട്ടതുമാണെങ്കിലും ആ സാഹചര്യങ്ങളെക്കുറിച്ച് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗ്രോ വാസുവുമായി ഒരു ഹ്രസ്വ സംഭാഷണം.

ചോ: അനുകൂലമായ വിധി വന്നിരിക്കുന്നു. 'ബൂര്‍ഷ്വാ കോടതി തുലയട്ടെ' എന്നതായിരുന്നല്ലോ മുദ്രാവാക്യം. കോടതികളെ വിശ്വസിക്കാന്‍ കൊള്ളുമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ഗ്രോ വാസു: വര്‍ഗ്ഗീസ് കൊല്ലപ്പെട്ട കാലത്തേക്കാള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന കാലമാണിത്. ആസാദും സുഹ്‌റാബുദ്ദീന്‍ ശൈഖും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഈയടുത്ത കാലത്താണ്. മറ്റൊരാളെ കേരളത്തില്‍ നിന്ന് പിടിച്ചു കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്. പശ്ചിമഘട്ട നിരകളുടെ അങ്ങേത്തല മുതല്‍ ആന്ധ്ര വരെ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്ത് ഉടനീളം നടക്കുന്ന സമാനമായ സംഭവങ്ങളെക്കുറിച്ച് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളുടെ നീണ്ട നിര തന്നെ സംഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വര്‍ഗീസ് കേസില്‍ വിധി വരുന്നതെന്നത് പ്രധാനം തന്നെയാണ്. വര്‍ഗപരമായ നിശിത വിശകലനത്തില്‍ കോടതികള്‍ ബൂര്‍ഷ്വാ നിലപാടുകളില്‍ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് പറയുമ്പോഴും അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ അത് അത്തരം സ്വഭാവങ്ങളെ അതിവര്‍ത്തിക്കുന്നത് കാണാറുണ്ട്. വര്‍ഗീസ് കേസ് വിധിയില്‍ കോടതി ബൂര്‍ഷ്വാ ഭരണകൂടത്തെയും അതിന്റെ നീതിന്യായ സംവിധാനങ്ങളെയും കടന്ന് ഉയര്‍ന്നു നില്‍ക്കുന്നത് കാണാതിരിക്കേണ്ട കാര്യമില്ല.

ചോ: സംഘടനാപരമായി വിധിയെ വിലയിരുത്തുന്നത് എങ്ങനെയാണ്?
ഗ്രോ വാസു: വര്‍ഗീസിന്റെ ആശയഗതികളുടെ സംഘടനാരൂപം കേരളത്തില്‍ തകര്‍ച്ച നേരിട്ടു എന്നത് ശരി തന്നെ. അതിന്റെ കാര്യകാരണങ്ങള്‍ പലതാണ്. ഒരു കാലത്ത് കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ നയിച്ചിരുന്നത് 'എന്റെ കുട്ടിക'ളാണെന്ന് ജയറാം പടിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവശേഷിച്ചവര്‍ 80കള്‍ക്കൊടുവില്‍ തുടങ്ങിയ രാഷ്ട്രീയ, സാമ്പത്തിക ദിശാ‍മാറ്റങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ടു പോയി. എങ്കിലും ഞങ്ങള്‍ ശരിയായിരുന്നു എന്ന് ഇക്കഴിഞ്ഞ നാല്‍പ്പത് വര്‍ഷം തെളിയിച്ചു.

ചോ: വര്‍ഗീസ് വധത്തിനു ശേഷം ഇ എം എസ് തിരുനെല്ലി സന്ദര്‍ശിച്ചിരുന്നു. പിന്നീട് നിയമസഭയില്‍ വന്‍ വിവാദങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു...
ഗ്രോ വാസു: അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു കൊലപാതകം നടക്കില്ല എന്നതുറപ്പാണ്. 'കണ്ണൂരിലെത്തുമ്പോള്‍ തീവണ്ടിയാപ്പീസില്‍ നിന്ന് പാര്‍ട്ടി ഓഫീസ് വരെ നിങ്ങളുടെ പെട്ടി ചുമന്നിരുന്ന ആ പയ്യനെ കൊല്ലാന്‍ കൂട്ടു നിന്നത് ശരിയായില്ല' എന്ന് കെ പി ആര്‍ ഗോപാലന്‍ അച്യുതമേനോനോട് തുറന്നു പറഞ്ഞു. 'വെക്കട ചെറ്റേ ചെങ്കൊടി താഴെ' എന്ന് അച്യുതമേനോനെതിരെ അക്കാലത്ത് മുദ്രാവാക്യമുയര്‍ന്നിരുന്നു. അച്യുതമേനോനും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ട് പിന്നീട് അദ്ദേഹം എഴുതുകയും ചെയ്തു. കൂടാതെ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിലും ഇതിന്റെ സൂചനകളുണ്ട്. വെടിവെക്കാന്‍ ലക്ഷ്മണ ഉത്തരവ് കൊടുത്തിട്ടും വിസമ്മതം പ്രകടിപ്പിച്ച രാമചന്ദ്രനോട് അദ്ദേഹം പറഞ്ഞത് 'ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. ആരാണ് ഈ 'ഞങ്ങള്‍'എന്ന ചോദ്യം അവശേഷിക്കുന്നു. ഇതെല്ലാം ഒരിക്കല്‍ പുറത്തു വരും.

ചോ: എങ്ങനെ?
ഗ്രോ വാസു: ഒരു ആത്മകഥനത്തിലൂടെയാണ് വര്‍ഗീസ് വധം പൂറത്തു വന്നത്. അത്തരമൊന്ന് ഇനിയും വരും. ലക്ഷ്മണക്ക് ചിലത് പറയാനുണ്ടെന്നത് ഉറപ്പാണ്. എല്ലാ പാപഭാരവും അദ്ദേഹം തനിച്ച് ചുമക്കേണ്ട കാര്യമില്ല.

ചോ: അന്ന് നിയമസഭയില്‍ പ്രശ്‌നമുണ്ടായിക്കിയ പ്രതിപക്ഷം പിന്നീട് ഭരണപക്ഷത്തും എത്തിയിരുന്നു?
ഗ്രോ വാസു: നിലവിലെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് നടത്തുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെ മാറ്റമുണ്ടാക്കാം എന്ന് വാദിക്കുന്നവരാണ് അവര്‍. അങ്ങനെയെങ്കില്‍ വര്‍ഗീസ് കേസില്‍ കുറ്റവാളികളെ പിടികൂടാന്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കേണ്ടവരും അവരായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നായനാരുടെ ഭരണകാലത്ത് വര്‍ഗീസിന്റെ സഹോദരങ്ങളുടെ പരാതിയെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ആന്റണി അവഗണിച്ചത് മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്ന നായനാര്‍ അവരെ അവഗണിച്ചതിന് എന്താണ് ന്യായീകരണം?

ചോ: രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ ഗ്രോ വാസു ദീര്‍ഘകാലം ഒളിപ്പിച്ചു വെച്ചു എന്നാണ് ഇപ്പോള്‍ സി പി എം ആരോപിക്കുന്നത്?

ഗ്രോ വാസു: സി പി എം വായടിക്കുകയാണ്. അവരുടെ പത്രത്തില്‍ നെറികെട്ട രീതിയിലാണ് എന്നെക്കുറിച്ചെഴുതിയത്. ഒരു നോട്ടീസ് പൊലും അടിച്ചിറക്കാന്‍ പറ്റാത്ത കാലത്താണ് എനിക്ക് രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ ലഭിക്കുന്നത്. പലയിടത്തും പിന്നീട് ഞാനത് പ്രസംഗിച്ചു നടന്നു. 'എല്ലാം ഒരു യക്ഷിക്കഥ പൊലെ' എന്നാണ് അന്നാളുകള്‍ അതിനെ വിലയിരുത്തിയത്. വളരെ കമ്മിറ്റഡായ ഒരാളായിരുന്നു രാമചന്ദ്രന്‍ നായര്‍. അടിസ്ഥാന വര്‍ഗത്തോട് അദ്ദേഹത്തിനുള്ള പ്രതിബദ്ധത പോലെ കടുത്തതായിരുന്നു കുടുംബത്തോടുള്ള സ്‌നേഹവും. കുടുംബം അനാഥമാകുമെന്നുള്ള ഭയം കൊണ്ട് മാത്രം ലക്ഷ്മണയുടെ ആജ്ഞ അനുസരിച്ചയാളാണ്. ഇവയൊന്നും പരിഗണിക്കാതെ ആ വെളിപ്പെടുത്തല്‍ പുറത്തു വിട്ടാല്‍ അദ്ദേഹത്തിനുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് എനിക്കും വ്യാകുലതയുണ്ടായിരുന്നു. ഇതൊന്നും മനസ്സിലാകാത്തവര്‍ക്ക് കവലപ്രസംഗം പോലെയുള്ള എഡിറ്റോറിയലുകള്‍ എഴുതാം.

ചോ: വിശാല അടിസ്ഥാനത്തില്‍ സി പി എമ്മുമായുള്ള വിയോജിപ്പുകള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വയനാടിന്റെ മാത്രം പശ്ചാത്തലത്തില്‍ സി പി എം പ്രായോഗികമായി എങ്ങനെയാണ് നിങ്ങളോട് വിയോജിച്ചത്?

ഗ്രോ വാസു: ഒരു സംഭവം പറയാം. ഞങ്ങള്‍ കാടു കയറാന്‍ പോകുകയാണ്. സംഘത്തില്‍ വര്‍ഗീസും ഞാനുമുള്‍പ്പെടെ കുറച്ചു പേരുണ്ട്. ആയുധങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. ജന്മിമാരുടെയും ഹുണ്ടികക്കാരുടെയും വീടുകളില്‍ കയറി തോക്കുകള്‍ ശേഖരിക്കാനാണ് പരിപാടി. പ്രഭാകരവാര്യരുടെ വീട്ടില്‍(വര്‍ഗീസിനെ കൈകള്‍ പിന്നില്‍ കെട്ടി കാട്ടിലേക്ക് കൊണ്ടു പോകുന്നതിന് പ്രധാന സാക്ഷി പ്രഭാകര വാര്യരായിരുന്നു) കയറിയെങ്കിലും അവിടെ തോക്കുണ്ടായിരുന്നില്ല. ശൂലപാണി വാര്യരുടെ വീട്ടില്‍ നിന്ന് തോക്ക് കിട്ടി. സ്ഥലത്തെ ജന്മിയായ അപ്പുസ്വാമിയുടെ വീട്ടില്‍ കയറുന്നതിനു മുമ്പ് വര്‍ഗീസ് സംഘത്തെ തടഞ്ഞു. ''എല്ലാവരും കൂടി കയറിച്ചെന്നാല്‍ അപ്പുസ്വാമി അപ്പോള്‍ തന്നെ തീരും. ഞാനും വാസുവും പോയി വരാം'' വര്‍ഗീസ് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കയറിച്ചെന്നു. വര്‍ഗ്ഗീസ് പറഞ്ഞതു തന്നെ സംഭവിച്ചു. സ്ഥലത്തെ പ്രമുഖ സി പി എം നേതാവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അപ്പുസ്വാമി ഇരുന്നിടത്തു നിന്ന് പിന്നാക്കം മറിഞ്ഞു. ഞാന്‍ അകത്തു കയറി അപ്പുസ്വാമിയുടെ ഭാര്യയോട് ചോദിച്ച് തോക്ക് കൈവശമാക്കി. ഈ സമയത്ത് വര്‍ഗീസ് സി പി എം നേതാവുമായി വാക്കുതര്‍ക്കത്തിലായിരുന്നു. ആയുധം ശേഖരിച്ച് കാട് കയറാനുള്ളതാണ്. ഒട്ടും സമയമില്ല. വര്‍ഗീസിനെ ഞാന്‍ പ്രയാസപ്പെട്ട് പിന്തിരിപ്പിച്ച് കൊണ്ടു പോയി.
ഇങ്ങനെയായിരുന്നു സി പി എമ്മും വയനാട്ടിലെ ജന്മിമാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധം. ആ സി പി എമ്മുകാരന് ആ നേരത്ത് എന്തായിരുന്നു ഹുണ്ടികക്കാരനായ ജന്മിയുടെ വീട്ടില്‍ കാര്യം. ജന്മിമാര്‍ സി പി എമ്മുകാരായി മാറിയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയും ആദിവാസികളെ ചൂഷണം ചെയ്തു.


കേരളത്തില്‍ ഇപ്പോള്‍ ഇടിമുഴക്കങ്ങളൊന്നുമില്ല. 'വയനാട്ടിലെ മഴ' തോര്‍ന്നിരിക്കുന്നു. മധ്യവയസ്സു പിന്നിട്ടവരുടെ നൊസ്റ്റാള്‍ജിയയില്‍ മാത്രമാണ് ഇന്ന് നക്‌സല്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ നിലനില്‍പ്പ്. എങ്കിലും ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ സായുധ പ്രസ്ഥാനങ്ങള്‍ വളരുന്നത് ഭരണകൂടജാഗ്രതയെ ഉണര്‍ത്തിയ സാഹചര്യത്തിലാണ് വര്‍ഗ്ഗീസ് കേസ് വിധി പറയുന്നത്. വയനാട്ടില്‍ വീണ്ടും സായുധപ്രസ്ഥാനങ്ങള്‍ വേര് പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഈയിടെ പുറത്തു വരികയുണ്ടായി.

17/9/10

മെംഘാവോബി ഇറോം ശര്‍മ്മിള

 “How shall I explain? It is not a punishment,
but my bounden duty…”
 ന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശത്ത് താമസിക്കുന്ന ഇറുകിയ കണ്ണുകളും കുറിയ ശരീരവുമുള്ള കുറെ പാവം മനുഷ്യരെ രാജ്യം ശത്രുപക്ഷത്ത് നിറുത്തിയതിനെതിരെയാണ് ഇറോം ശര്‍മ്മിള സമരം തുടങ്ങിയത്. നാട്ടിലെ ആണുങ്ങളെ വെടിവെച്ചും  പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്തും കുട്ടികളെ തീയിട്ടും കൊന്നു തള്ളുന്ന ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നത് മാത്രമാണ് ശര്‍മ്മിള ചാനുവിന്റെ ആവശ്യം. നാട്ടുകാരനുഭവിക്കുന്ന കെടുതികളുടെ കൊടുമയില്‍ മനസ്സ് നൊന്താണ് വിശന്നിരിക്കാം എന്ന തീരുമാനം ശര്‍മ്മിള എടുത്തത്. ഇന്ത്യയുടെ ഭാഗമാണോ എന്ന് ഇന്ത്യക്കാര്‍ ഇപ്പോഴും സംശയിക്കുന്ന വടക്കു കിഴക്കന്‍ പ്രദേശത്ത് ഒരു പെണ്‍കുട്ടി പട്ടിണി കിടക്കുന്നത് അവരെ വല്ലാതൊന്നും അലട്ടുന്നില്ല എന്നതിന്റെ തെളിവാണ് ശര്‍മ്മിളയുടെ സമരം പത്താം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റ കടിഞ്ഞാണ്‍ കൈവശമുള്ള രാജ്യത്തെ ഇടത്തരക്കാര്‍ ഇടക്കിടെ ചില അവാര്‍ഡുകള്‍ കൊണ്ടുനല്‍കി സമാധാനം നേടുന്നു. ഗിന്നസ് ബുക്കില്‍ ഇനിയവരെ ആര്‍ക്കും പിന്തള്ളാനാവില്ല എന്നു പറയുന്നവരുമുണ്ട്. നീണ്ട പത്ത് വര്‍ഷത്തിനിടെ അവര്‍ക്ക് ലഭിച്ച നിരവധി അവാര്‍ഡുകളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി കഴിഞ്ഞയാഴ്ച വന്നു ചേര്‍ന്നു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സമാധാനത്തിനുള്ള രബീന്ദ്രനാഥ ടാഗോര്‍ സമ്മാനം വീണ്ടും ശര്‍മ്മിളയെ വാര്‍ത്തകളില്‍ നിറക്കുന്നു. ഇത്തരം സമ്മാനങ്ങളുടെ പിന്‍ബലമില്ലെങ്കില്‍ ഒരു പക്ഷെ ഇന്ത്യന്‍ മാധ്യമരംഗവും അവരെ ചോര്‍ത്തിക്കളഞ്ഞേനെ.
സ്വാതന്ത്ര്യാനന്തര ഇന്ത്യ തിരിച്ചറിഞ്ഞ ആദ്യത്തെ 'ആഭ്യന്തര ഭീഷണി'കളില്‍ ഒന്നാണ് മണിപ്പൂര്‍. തങ്ങളുടെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളോട് ആഴത്തില്‍ കൂറ് പുലര്‍ത്തുന്നവരാണ് മണിപ്പൂരി ജനത. സ്വന്തം ദേശത്തനിമ നിലനിര്‍ത്താനുള്ള മണിപ്പൂരികളുടെ ആഗ്രഹത്തെ ചില കാടന്‍ നിയമങ്ങള്‍ വഴിയാണ് രാജ്യം നേരിട്ടത്.

മെയ്ത്രാബാക് രാജ്യത്തെ മെയ്ദിംഗുമാര്‍
രണ്ടാം ലോകമഹായുദ്ധ കാലം മുതല്‍ക്കാണ് മണിപ്പൂര്‍ അശാന്തിയിലേക്ക് വഴുതിത്തുടങ്ങിയത്.  ബ്രിട്ടിഷുകാര്‍ അധികാരത്തിലേറ്റിയ മെയ്ദിംഗു ചുരചന്ദ് സിംഗ് മഹാരാജാവിന്റെ മരണശേഷം മെയ്ത്രാബാക്(അങ്ങനെയാണ് രാജഭരണകാലത്ത് മണിപ്പൂര്‍ അറിയപ്പെട്ടത്. ഇതു കൂടാതെ ഇരുപതോളം പേരുകള്‍ വേറെയുമുണ്ട്) രാജ്യത്തിന്റെ അധിപനായി മെയ്ദിംഗു ബോധചന്ദ്ര സിംഗ് ചുമതലയേറ്റു. ലെയ്മ അഥവാ മഹാറാണിയായ നേപ്പാള്‍ രാജകുമാരി ഇശോരി ദേവിയോടൊപ്പമാണ് ബോധചന്ദ്ര  ബ്രിട്ടീഷ് അധീനതയിലുള്ള മണിപ്പൂര്‍ കോട്ടയിലിരുന്ന് ഭരണം നടത്തിയത്. ബ്രിട്ടിഷുകാരുടെ കീഴില്‍ മെയ്ത്രാബാക് രാഷ്ട്രം വന്നതിന്റെ കൃത്യം അന്‍പതാം വര്‍ഷത്തില്‍, 1941ലാണ് ബോധചന്ദ്ര അധികാരത്തില്‍ വരുന്നത്. അധികം താമസിയാതെ തന്നെ മണിപ്പൂരിന്റെ ഭാവിഭാഗധേയം നിര്‍ണയിച്ച രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ലോകയുദ്ധം നേരിട്ട് ബാധിച്ച ചുരുക്കം ചില ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്നായി മണിപ്പൂര്‍. ജപ്പാന്‍ സഹായമുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മി മണിപ്പൂരിനെ ആക്രമിച്ചു. നിരന്തരമായ ബോംബ് വര്‍ഷങ്ങളില്‍ ഇംഫാല്‍ നഗരം നടുങ്ങി. ഉദ്യോഗസ്ഥരും കച്ചവടക്കാരും നഗരം വിട്ടോടി. അവിശ്വസനീയമായ തരത്തില്‍ അവശ്യവസ്തുക്കള്‍ക്ക് വിലകയറി.
1944 ഏപ്രില്‍ 14ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മി ജനറല്‍ എസ് എഛ് മാലിക് മണിപ്പൂരില്‍ ഇന്ത്യന്‍ പതാക പാറിച്ചു. അങ്ങനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ആദ്യത്തെ രാഷ്ട്രമായിത്തീര്‍ന്നു മണിപ്പൂര്‍. 1946-ല്‍ സ്വന്തമായ ഭരണഘടനയോടു കൂടിയ സര്‍ക്കാര്‍ നിലവില്‍ വന്നു. 1948ല്‍ മണിപ്പൂരില്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ മണിപ്പൂരിനെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.  1949ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതിച്ചു കൊണ്ടുള്ള രേഖയില്‍ രാഷ്ട്രത്തലവനായ ബോധചന്ദ്ര മഹാരാജാവ്  ഒപ്പു ചാര്‍ത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യം പുറത്ത് കാവല്‍ നിന്നു.

“Menghaobi”, the people of Manipur call her,
 “The Fair One”
''മെംഘാവോബി'' ഇറോം ശര്‍മ്മിള ചാനു 
മണിപ്പൂരികള്‍ മെംഘാവോബി(വത്സലപുത്രി എന്നോ സുന്ദരി എന്നോ മലയാളപ്പെടാം എന്നു തോന്നുന്നു) എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ശര്‍മ്മിള എന്തെങ്കിലും കഴിച്ചിട്ട് പത്ത് വര്‍ഷമായി. ഇങ്ങനെ വിശന്നിരിക്കാന്‍ മാത്രം എന്തുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഇന്ത്യ എന്ന പരമാധികാര രാഷ്ട്രമാണ്. 2000ാമാണ്ട് നവംബര്‍ 4ന് തുടങ്ങിയതാണ്  ശര്‍മ്മിളയുടെ നിരാഹാര സത്യഗ്രഹം. പുസ്തകം വായിച്ചും പ്രാദേശിക മാസികകളില്‍ കവിത എഴുതിയും നടന്നിരുന്ന ഇറോം ശര്‍മ്മിള ചാനു എന്ന പെണ്‍കുട്ടിക്ക് തന്റെ 28ാം വയസ്സില്‍ പട്ടിണിയുടെ സമരമാര്‍ഗം തെരഞ്ഞെടുക്കേണ്ടി വരികയായിരുന്നു.
ഇംഫാല്‍ താഴ്‌വരയില്‍ ആസ്സാം റൈഫിള്‍സ് നടത്തിയ ഒരു കൂട്ടക്കൊല നേരില്‍ കാണാനിട വന്നതാണ് ഇറോം ശര്‍മ്മിളയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവം. നവംബര്‍ ഒന്നിന് ഇംഫാലിലെ മാലോം ടൗണില്‍ ബസ് കാത്തു നില്‍ക്കുവര്‍ക്കു നേരെ സൈന്യം അന്തമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ധീരതക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സിനം ചന്ദ്രമണി എന്ന 18കാരിയുള്‍പ്പെടെ പത്ത് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മാലോം കൂട്ടക്കൊല എന്ന പേരില്‍ ഈ സംഭവം പിന്നീട് കുപ്രസിദ്ധമായിത്തീര്‍ന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ മാലോമില്‍ എത്തിയ ശര്‍മ്മിള രക്തത്തിലും കണ്ണീരിലും കുതിര്‍ന്ന മണിപ്പൂരിന്റെ സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയെ നേരില്‍ കണ്ടു. ശര്‍മ്മിളയുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ''മണിപ്പൂരികള്‍ പെട്ടെന്ന് രോഷം കൊള്ളുന്നവരാണ്. അവര്‍ ഇതൊന്നും സഹിക്കുകയില്ല.''
ഇറോം ശര്‍മ്മിളയും മണിപ്പൂര്‍ സംസ്ഥാനവും പിറന്നത് ഒരേ വര്‍ഷമാണ്. 1972ല്‍. ഇറോം നന്ദയുടേറയും സഖീദേവിയുടേയും 9 മക്കളില്‍ ഏറ്റവും ഇളയ പുത്രി. പന്ത്രണ്ടാം ക്ലാസ്സോടെ ശര്‍മ്മിളയുടെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. എന്നാല്‍ കവിതയുടെയും വായനയുടെയും 'ശല്യം' അവള്‍ക്കുണ്ടായിരുന്നു. ആ ശല്യം തന്നെയാവണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വലിയ ശല്യമായി മാറാന്‍ ശര്‍മിളയെ പ്രാപ്തയാക്കിയത്.  മണിപ്പൂരിന്റെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന ചില സര്‍ക്കാരിതര സംഘടനകളുമായി ശര്‍മ്മിള ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. മണിപ്പൂരില്‍ സ്തീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില്‍ 2000ാമാണ്ട് ഒക്‌ടോബറില്‍ ശര്‍മ്മിള വളണ്ടിയറായി ചേര്‍ന്നു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന കെടുതികളുടെ നേര്‍ സാക്ഷ്യങ്ങള്‍ അവളെ രോഷം കൊള്ളിച്ചു. തൊട്ടടുത്ത മാസം ശര്‍മ്മിള തന്റെ തീരുമാനം പ്രഖ്യാപിച്ചു. മണിപ്പൂരികളെ കൊന്നൊടുക്കുകയും ബലാല്‍സംഗത്തിനിരയാക്കുകയും  ചെയ്യുന്ന സൈന്യത്തെ പിന്‍വലിക്കുന്നതു വരെ നിരാഹാരം. അമ്മയുടെ അനുഗ്രഹത്തോടെ നിരാഹാരം തുടങ്ങി. ശര്‍മ്മിളയുടെ പ്രവൃത്തി ആദ്യമാരും കാര്യമായെടുത്തില്ല. ചിലര്‍ കളിയാക്കി. എന്നാല്‍ ഇറോം ശര്‍മ്മിളയുടേത് വെറും കുട്ടിക്കളിയല്ലെന്ന് സര്‍ക്കാരിന് വൈകാതെ ബോധ്യപ്പെട്ടു. ഒരു നിലയ്ക്കും വഴങ്ങാതിരുന്ന ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ഭക്ഷണം മൂക്കിലൂടെ നിര്‍ബന്ധിതമായി നല്‍കാന്‍ തുടങ്ങി. ഒരോ വര്‍ഷവും ശര്‍മ്മിളയെ സൈന്യം അറസ്റ്റ് ചെയ്യുകയും മോചിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും അപകടകാരികളായ തടവു പുള്ളികളുടെ ഗണത്തില്‍ പെടുന്നു ഇറോം ശര്‍മ്മിള ഇപ്പോള്‍. അതിശക്തമായ സുരക്ഷാ വലയമാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് ചുറ്റുമുള്ളത്. ആര്‍ക്കും അവിടെ പ്രവേശനം ലഭിക്കുന്നില്ല. ശര്‍മ്മിളയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നു പോയ ഒരു എക്‌സ് നക്‌സല്‍ സംഘത്തിന് കുറച്ച് പ്രയാസപ്പെടേണ്ടി വന്നതായാണ് അറിവ്.

“I was shocked by the dead bodies of Malom on the front page,”
 Sharmila had said in her clear.
 I was on my way to a peace rally but
 I realised there was no means to stop
 further violations by the armed forces.
So I decided to fast.”


ഭരണകൂട കൊടുമകള്‍
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ 'ശല്യക്കാ'രാണെന്ന് ഇന്ത്യന്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യ ലബ്ധി മുതല്‍ക്കു തന്നെ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിനു വേണ്ടി 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രൂപം നല്‍കിയ ആസ്സാം റൈഫിള്‍സ് എന്ന സൈനിക വിഭാഗത്തിന് മൂര്‍ച്ച കൂട്ടുക എന്നതാണ് ശല്യം തീര്‍ക്കാന്‍ ഇന്ത്യാ ഗവര്‍മെണ്ട് കണ്ടെത്തിയ പരിഹാരം. അരുണാചല്‍ പ്രദേശ്, ആസ്സാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ പ്രദേശങ്ങളില്‍ 'സായുധസേനാ പ്രത്യേകാധികാര നിയമം' കൊണ്ടു വന്നു. 1958ലായിരുന്നു ഇത് (1990ല്‍ ഇതേ നിയമം കശ്മീരിനു ബാധകമാക്കി). ഈ നിയമപ്രകാരം ഒരു സൈനികന് ആരെയും വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് നിയമലംഘനം നടത്തുന്നതായി  ബോധ്യപ്പെട്ടാല്‍ സൈനികര്‍ക്ക് വെടിയുതിര്‍ക്കാം. വാറണ്ടില്ലാതെ അറസ്റ്റ് നടത്താം. ഇതിനെല്ലാം പുറമെ സൈനികര്‍ നടത്തുന്ന ഏത് പ്രവൃത്തിയും ജുഡീഷ്യറിയുടെ ഇടപെടലിന് അതീതമാണ്. 1958 മുതല്‍ ഈ കാടന്‍ നിയമത്തിന്റെ ബലം കൈമുതലായതു മുതല്‍ സൈനിക വിഭാഗങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയില്‍  കാണിച്ചു കൂട്ടുന്ന കൊടുമകള്‍ അറ്റമില്ലാത്തതാണ്. 
 ആസ്സാം റൈഫിള്‍സ് സൈനികര്‍ സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന മേംജാബ് മനോരമാ ദേവിയെ ബലാല്‍സംഗം ചെയ്തു കൊന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യം. എന്നാല്‍ പുറം ലോകത്തിന്റെ അറിവില്‍ പെടാത്ത ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് മണിപ്പൂരികള്‍ സാക്ഷികളാണ്. 1987ല്‍ നാഗാ കുട്ടികളെ അവരുടെ അമ്മമാരുടെ കണ്‍മുന്നില്‍ വെച്ച് സൈനികര്‍ തീയിട്ടു കൊന്നതും 1998ല്‍ സനമാച്ച എന്ന 15കാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതു കൊന്നതുമെല്ലാം മണിപ്പൂരികളുടെ മനസ്സില്‍ രോഷമായി പുകഞ്ഞുകൊണ്ടിരിക്കുന്നു.
കോടിക്കണക്കിന് സാധാരണക്കാര്‍ പട്ടിണി കിടക്കുന്ന ഇന്ത്യാരാജ്യത്ത് ഒരു പെണ്‍കിടാവ് നിരാഹാരം കിടക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി എന്നെല്ലാം പറഞ്ഞാല്‍ അത് അതിശയോക്തിയാവും. ഇത്തരം ഏര്‍പ്പാടുകളെ പ്രതിരോധിക്കാനുള്ള ശേഷി  ദേശീയ പ്രസ്ഥാന കാലത്തു തന്നെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജിച്ചതാണ്. നിരാഹാരമിരിക്കുന്നത് മനശ്ശുദ്ധി, ശരീരശുദ്ധി തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന വസ്തുത യൂറോപ്യന്‍ക്കറിയില്ല. അവര്‍ക്കുള്ള മാതിരി ആശങ്കയൊന്നും ഇന്ത്യയില്‍ ഉണ്ടാവേണ്ട കാര്യവുമില്ല. ഗാന്ധിജി നിരാഹാരമിരിക്കുമ്പോള്‍ ആശങ്കപ്പെടാന്‍ ജനാധിപത്യ ബോധമുള്ള അധിനിവേശക്കാര്‍ ഇന്ത്യാരാജ്യത്തുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പുതിയ സാമ്പത്തിക പരിതസ്ഥിതി പ്രദാനം ചെയ്യുന്ന അനന്തമായ അവസരങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കാതെ എന്തിനാണ് ഈ പെണ്‍കുട്ടി സമയം മിനക്കെടുത്തുന്നത്  എന്ന് ആശങ്കപ്പെടുന്ന ഒരു 'ഇക്കണോമിസ്റ്റ് പ്രം മിനിസ്റ്റ'റുടെ കീഴിലാണ് രാജ്യം.
ഇറോം ശര്‍മ്മിളക്കുള്ള വിജയപ്രതീക്ഷ അങ്ങനെത്തന്നെ നിലനില്‍ക്കട്ടെ. പക്ഷെ യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കുന്നതില്‍ അര്‍ഥമില്ല. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ആകമാനം അഴിച്ചു പണിയുന്ന തരത്തിലുള്ള ഒരു മാറ്റമാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കശ്മീര്‍ തെലങ്കാന മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. 'ഭാഷാ സംസ്ഥാനം' എന്ന ആശയം കൊണ്ട് തൃപ്തിപ്പെട്ട കാലത്തിന്റെ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. കറുപ്പും വെളുപ്പുമായി പ്രശ്‌നങ്ങളെ കാണാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണ് പുതിയ രാഷ്ട്രീയ പരിസരം. എന്നാല്‍ ഇന്നത്തെ ഭരണകൂട ആശയശാസ്ത്രത്തിനകത്ത് പ്രശ്‌നങ്ങളുടെ പരിഹാരം അവയുടെ കമ്പോള പ്രതിഫലനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഗതികേട്. ഇറോം ശര്‍മ്മിളയുടെ നിരാഹാരം രാജ്യത്തിന്റെ വിലക്കയറ്റ സൂചികയിലും വളര്‍ച്ചാ നിരക്കിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി കണക്കു കൂട്ടുന്നുണ്ടാവണം.

27/8/10

'കാവി ഭീകരത'

'കാവി ഭീകരത' എന്ന 'പുതിയ' ഭീഷണിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം വന്നിരിക്കുന്നു. ഇത്തരമൊരു നീക്കം കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ഇതിലുള്ള ശരിയായ പുതുമ. എന്നിരിക്കിലും വലത് തീവ്ര ഹൈന്ദവികതയോട് കോണ്‍ഗ്രസ്സ് ഏതു കാലത്തും സ്വീകരിച്ചിട്ടുള്ള ആ കുപ്രസിദ്ധമായ മൃദുസമീപനത്തില്‍ നിന്ന് പിന്മാറുന്നതിന്റെ സൂചനയാണ് ചിദംബരത്തിന്റെ പ്രസ്താവന എന്ന് അധികമാരും കരുതുന്നില്ല. തിലകന്റെയും പട്ടേലിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിന് വലത് ഹിന്ദുത്വത്തെ കൂടി ഉള്‍ക്കൊള്ളാനുള്ള 'വിശാല' ജനാധിപത്യമനസ്സ് എന്നുമുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പറിച്ചെറിയാന്‍ കഴിയാത്ത വിധത്തില്‍ അത് കോണ്‍ഗ്രസ്സിന്റെ ജൈവശരീരവുമായി ഇഴുകിച്ചേര്‍ന്നതിന്  നിരവധി തെളിവുകളുമുണ്ട്. സിഖ് വിരുദ്ധ കലാപം, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സ് സൃഷ്ടിച്ചെടുത്ത രാഷ്ട്രവ്യവസ്ഥയുടെയും അടിക്കല്ല് ഏതാണെന്ന് സ്പഷ്ടമായി തുറന്ന് കാട്ടിയിട്ടുണ്ട്.

കാവി പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ഇപ്പോഴും ബഹളം തുടരുകയാണ്. പി ചിദംബരം പ്രസ്താവന പിന്‍വലിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇക്കാര്യത്തില്‍ ചിദംബരത്തിന് ഇപ്പോഴും കിട്ടിയിട്ടില്ല. കാവി പാരമ്പര്യത്തിന്റെ നിറമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായം. തീവ്രവാദത്തിന് നിറമില്ലെന്ന വാദം കൂടി അവര്‍ മേമ്പൊടി ചേര്‍ക്കുന്നുണ്ട്.  നാഗ്പൂരില്‍ നിന്നുള്ള തീട്ടൂരത്തിന്റെ ആവശ്യം പോലും ബി ജെ പിക്ക്് ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യം. എന്നാല്‍  രാജ്യത്ത് 'മുസ്ലിം തീവ്രവാദം', 'ഇടതുപക്ഷ തീവ്രവാദം' തുടങ്ങിയവ വേരു പിടിച്ചതായി അമാന്തമൊന്നും കൂടാതെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനകത്തു നിന്ന് (ബോധപൂര്‍വ്വമല്ലെങ്കിലും) ഇത്ര വൈകി ഈ പ്രത്യേക സന്ദര്‍ഭത്തില്‍ പുറത്തുവരുന്ന കുമ്പസാര സമാനമായ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ അര്‍ഥമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഗുജറാത്ത് കലാപം നടന്നപ്പോഴും ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടപ്പോഴും രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയുടെ 'ഭദ്രത' കാക്കുന്നതിനായി നിശ്ശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ്സ്   നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മക്കാ മസ്ജിദ് തുടങ്ങി നിരവധി സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരര്‍ക്ക്‌
പങ്കുണ്ടെന്ന് തെളിവു ലഭിച്ചിട്ടു പോലും പ്രശ്‌നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ഹിന്ദുത്വ അജന്‍ഡകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ നീങ്ങുന്നതും   ഒരു പതിവു കാഴ്ചയാണ്. മക്കാ മസ്ജിദ് സ്‌ഫോടനം നടത്തിയ  പ്രതികളിലൊരാളുടെ മരണം അന്വേഷണം തന്നെ അവസാനിപ്പിക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വിശ്വസിച്ച് പ്രസ്താവന ഇറക്കിയതും ഇതേ ചിദംബരം തന്നെയാണെന്നോര്‍ക്കണം. ശിവസേനയും ശ്രീരാമസേനയും അടക്കമുള്ള ഹിന്ദുത്വ സൈനികരോടും മൃദുസമീപനം തന്നെയാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്.

ചിദംബരത്തിന്റെ പ്രസ്താവന കടന്നു വരുന്ന രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ അളമുട്ടിയപ്പോള്‍ കടിച്ച ചേരയാണ് അതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. രാഷ്ട്രത്തെ 9 ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്തിക്കുക, ഇരട്ടസംഖ്യയില്‍ എത്തി നില്‍ക്കുന്ന വിലക്കയറ്റ സൂചികയെ താഴോട്ട് പിടിച്ചു കൊണ്ടു വരിക, ആഗോള കുത്തക കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സൗകര്യം ഒരുക്കിക്കൊടുക്കുക, അമേരിക്കന്‍ നയപരിപാടികള്‍ക്കനുസരിച്ച് നീങ്ങുവാന്‍ വഴക്കമുള്ള ഒരു സാമ്പത്തിക-രാഷ്ട്രീയ നയതന്ത്രം രൂപപ്പെടുത്തുക തുടങ്ങിയ സര്‍ക്കാരിന്റെ അടിസ്ഥാന പദ്ധതികള്‍ക്കെല്ലാം തടസ്സമായി വരുന്നത് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിഘടനവാദപരമായ നീക്കങ്ങളാണ്. വിഘടനവാദത്തിന്റെ യും വിമത നീക്കങ്ങളുടെയും മത-ജാതി-വംശ തീവ്രവാദങ്ങളുടെയും യഥാര്‍ഥ ഉറവിടം ഈ പറഞ്ഞ നയപരിപാടികളെല്ലാമാണെന്നത് മറ്റൊരു കാര്യം.

അമേരിക്കന്‍ ഉന്മുഖത്വമുള്ള നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ ആദ്യം തിരിച്ചറിഞ്ഞ തീവ്രവാദങ്ങള്‍ 'മുസ്‌ലിം തീവ്രവാദ'വും 'സിഖ് തീവ്രവാദ'വുമാണ്. സിഖ് മതത്തിനെതിരായ പ്രചാരണം ഏറ്റെടുത്തു നടപ്പാക്കിയത് ഇന്ത്യയുടെ രാഷ്ട്ര വ്യവസ്ഥയുടെ സ്വന്തം തീരുമാന പ്രകാരമായിരുന്നെങ്കില്‍ ഇസ്‌ലാം മതത്തിന്റെ കാര്യത്തില്‍ അതിന് നിരവധി അന്തര്‍ദ്ദേശീയ മാനങ്ങളുണ്ടായിരുന്നു എന്നു മാത്രം. മറ്റൊന്ന് ബംഗാളിലെ വെസ്റ്റ്് മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ നോര്‍ത്ത് തെലങ്കാന വരെയുള്ള പത്ത് നാല്‍പ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് ആഴത്തില്‍ വേരോടിയ ഇടതു തീവ്രവാദമാണ്.  ഇങ്ങനെ പറയുമ്പോഴും അവയ്ക്ക് ഒരു 'പൊതു' പ്രത്യയശാസ്ത്ര പരിസരം ഉണ്ടായിരുന്നതായി കാണാന്‍ സാധിക്കും. അത് 80-കളില്‍ ലോകത്താകമാനം വ്യാപിക്കാന്‍ തുടങ്ങിയതും 90-കളുടെ ആദ്യത്തില്‍ ഇന്ത്യ ഏറ്റെടുത്തു നടപ്പാക്കാന്‍ തുടങ്ങിയതുമായ നവ സാമ്പത്തിക വ്യവസ്ഥയാണ്. ഊഹമൂലധന കേന്ദ്രിതമായ സാമ്പത്തികവ്യവസ്ഥയാണ് രാജ്യത്ത് നടക്കുന്ന, നടക്കേണ്ട സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളെ നിര്‍ണ്ണയിക്കേണ്ടത്, നിയന്ത്രിക്കേണ്ടത്. ഇക്കാര്യത്തില്‍ വരുത്തുന്ന ഏതൊരു വിട്ടുവീഴ്ചയും ബാധിക്കുക കോണ്‍ഗ്രസ്സിന്റെ നിലവിലെ താല്‍ക്കാലിക രാഷ്ട്രീയ അടിത്തറയെയാണ്.  അതുകൊണ്ട് കോണ്‍ഗ്രസ്സിനകത്തു നിന്നു വരുന്ന ചിദംബര പ്രസ്താവത്തെ കാണേണ്ടത് അത് ഇപ്പോള്‍ നിലകൊള്ളുന്ന കമ്പോള കേന്ദ്രിത വ്യവസ്ഥക്ക് അസ്വാസ്ഥ്യമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസമായാണ്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനകത്ത് ഒരു താല്‍ക്കാലിക സ്ഖലനത്തിപ്പുറം നില്‍ക്കുന്ന ഒന്നായി പരിഗണിക്കപ്പെടുകയുമില്ല. കാരണം, മാറിയ സാമ്പത്തിക പരിതസ്ഥിതിക്കകത്ത് നിലകൊള്ളുന്ന അതിന്റെ താല്‍ക്കാലിക രാഷ്ട്രീയ മേല്‍പ്പുര പടുത്തുയര്‍ത്തിയിരിക്കുന്നത് ഏത് അടിത്തറയിലാണെന്നതാണ് പ്രധാനം.
       

  

13/8/10

ഇന്ത്യന്‍ ഗറില്ലാ നീക്കങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമികയും നയതന്ത്രവും

ദക്ഷിണേഷ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടക്ക് നടന്ന ഏറ്റവും വലിയ സംഭവ വികാസങ്ങളിലൊന്ന് മേഖലയില്‍ മാവോയിസ്റ്റ് ആശയശാസ്ത്രം നടത്തുന്ന ഇടപെടലുകള്‍ ശക്തിയാര്‍ജ്ജിച്ചതാണ്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ മുന്നേറ്റമാണ് ഇവയില്‍ പ്രധാനമായത്. പ്രചണ്ഡയുടെ നേതൃത്വത്തില്‍ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ്) സംഘടനാപരമായി നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നതായാണ് നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു കയറി അധികാരം പിടിച്ചക്കുവാന്‍ നേപ്പാള്‍ മാവോയിസ്റ്റുകളെടുത്ത നിര്‍ണായകമായ തീരുമാനം 'നേപ്പാള്‍ വിപ്ലവം' സാധ്യമാക്കും എന്ന ആത്മവിശ്വാസം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് ഗറില്ലാ സേനയെ നേപ്പാള്‍ സൈന്യത്തില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതിന്റെ ഫലമായാണ് പ്രചണ്ഡയുടെ സര്‍ക്കാര്‍ നിലം പൊത്തിയതെന്നും ഓര്‍ക്കുക.

ഇന്ത്യന്‍ രാഷ്ട്രീയത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. പശ്ചിമബംഗാളിലെ വടക്കന്‍ മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ തെലങ്കാന വരെയുള്ള വിശാലമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. മേഖലയില്‍ പലയിടങ്ങളിലും 'വിമോചിത മേഖലകള്‍' എന്നറിയപ്പെടുന്ന, മാവോയിസ്റ്റ് സമാന്തര ഭരണം നടക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ 'ആഭ്യന്തര സുരക്ഷാ ഭീഷണി'യായി മാവോയിസം മാറിക്കഴിഞ്ഞു. 'നക്‌സല്‍ ബാധിത' പ്രദേശങ്ങളെ വിമോചിതമാക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന സൈനിക നീക്കത്തിനെതിരായി പൊതുവികാരമുയര്‍ത്താന്‍ മാവോയിസ്റ്റുകളുടെ പ്രചാരണങ്ങള്‍ക്കു കഴിഞ്ഞു. ബുദ്ധിജീവികള്‍ക്കിടയില്‍ നക്‌സലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ വെച്ചു നടന്ന 'ജനകീയ വിചാരണ' എന്ന മാവോയിസ്റ്റ് അനുകൂല പരിപാടിയില്‍ രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പങ്കുകൊള്ളുകയുണ്ടായി. കാര്യങ്ങള്‍ ഇപ്രകാരം വികസിക്കുന്നത് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ സാധ്യതയെയും ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങളെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങള്‍ സൈനിക നേതൃത്വത്തെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു. മാവോയിസ്റ്റ് മേഖലയില്‍ വ്യോമസേനക്ക് വെടിയുതിര്‍ക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കം തന്ത്രപരമാണെങ്കിലും എത്രമാത്രം വിജയകരമാവുമെന്നത് കണ്ടു തന്നെ അറിയണം.

വടക്കന്‍ മേഖലയില്‍ സ്വാധീനമുള്ള മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും തെക്കന്‍ മേഖലയിലെ പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പും തമ്മില്‍ 2004ല്‍ നടന്ന ലയനം രാജ്യത്തെ മാവോയസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക്് ശക്തി പകര്‍ന്ന ഒരു നീക്കമായിരുന്നു. ദശകങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തും വലിയ സൈനിക അടിത്തറയുമുള്ള പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആദ്യം പാര്‍ട്ടി യൂണിറ്റിയുമായി ലയിക്കുകയാണുണ്ടായത്. പിന്നീടാണ് മൂന്ന് കോടിയോളം വരുന്ന ജനങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന എം സി സി യുമായി ലയനം നടക്കുന്നത്. ഇതോടെ 40,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വലിയ ഭൂവിഭാഗത്തിലാണ് അവര്‍ ആധിപത്യമുറപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ റെഡ് കോറിഡോര്‍ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് ഭൂപ്രദേശം ഇങ്ങനെ രൂപപ്പെട്ടതാണ്.  ഇടപെടുന്ന മേഖലയുടെ കാര്‌യത്തിലും ജനപിന്തുണ, സൈനികശേഷി, അനുഭവ സമ്പത്തുള്ള നേതൃത്വനിര എന്നിവയുടെ കാര്യത്തിലും വന്നുപെട്ട മാറ്റം മാവോയിസ്റ്റുകളുടെ ബലതന്ത്രരാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി. ഇത് പാര്‍ട്ടിയുടെ നയസമീപനത്തിലും സ്വാഭാവികമായ മാറ്റം വരുത്തിയിട്ടുണ്ട്.

ദണ്ഡകാരണ്യ വനമേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നത് ശക്തമാക്കുക എന്നത് മാത്രമല്ല ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനം. സമകാലിക രാഷ്ട്രീയ രംഗത്തിന്റെ ജീര്‍ണത മുതലെടുക്കുവാന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചതിന്റെ ഉദാഹരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന രാഷ്ട്രീയക്കളികള്‍. നഗരങ്ങളെ വളയുക എന്ന മാവോ രീതിശാസ്ത്രത്തെയും പ്രായോഗികമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇതിന് വ്യാപകമായ അനുകൂലഫലങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൈനയുടെ സഹായം നേപ്പാളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതായാണ് സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍. എന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിവുള്ളവര്‍ ഈ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ഇന്ത്യയില്‍ ബാങ്കുകളും എ ടി എമ്മുകളും ഉള്ളിടത്തോളം കാലം മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.'ശത്രുവിന്റെ ആയുധപ്പുര'യെ ഉപയോഗിക്കുക എന്ന മാവോ സൂക്തം ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ വിദഗ്ധമായി പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നര്‍ഥം.