കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോള്‍ സഖറിയ എന്ന കമ്പോളവാദിയായ ഒരു സാഹിത്യകാരനെ ഡിവൈഎഫ്‌ഐ എന്ന യുവജനസംഘടനയുടെ ക്വട്ടേഷന്‍ സഖാക്കള്‍ കൈയേറ്റം ചെയ്യുകയുണ്ടായി. പോള്‍ സഖറിയ പ്രസ്തുത കൈയേറ്റത്തിന്റെ വിപണിമൂല്യം തിരിച്ചറിയാന്‍ കെല്‍പുള്ള ആധുനിക സാഹിത്യ സഖാവാകയാല്‍ വളരെ താമസിയാതെ മാധ്യമ കമ്പോളത്തില്‍ അത് വിറ്റഴിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ, സാമ്രാജ്യത്വാനുകൂല, പിന്തിരിപ്പന്‍ മാധ്യമപ്പട സംഭവത്തെ കാര്യമായേറ്റെടുക്കുകയും മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിനേറ്റ മിന്നലിടിയായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ടിപി രാജീവന്‍ മുതലായ വ്യവസ്ഥാപിത, ഫ്യൂഡല്‍, മുതലാളിത്ത ബുദ്ധിജീവികള്‍ തങ്ങളുടെ പുറത്തേറ്റ അടിയായി പ്രസ്തുത സംഭവത്തെ തിരിച്ചറിഞ്ഞു. ഒരടി കൊള്ളാന്‍ വ്യക്തിപരമായി തനിക്കുള്ള യോഗ്യതയെ പുരസ്‌കരിച്ച് രാജീവന്‍ സഖാവ് ലേഖനപ്പെടുകയും ചെയ്തു. ആധുനിക മനുഷ്യര്‍ എന്ന് തങ്ങളെ ചേര്‍ത്ത് പറയുന്നതു പോലും അങ്ങേയറ്റത്തെ അപമാനമായിക്കരുതുന്ന സുകുമാര്‍ അഴീക്കോട്, വിസി ശ്രീജന്‍ മുതലായ ശാശ്വത ബുദ്ധിജീവികള്‍ പൗരാണികവും ശാശ്വതവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് പ്രസ്താവനകളിറക്കുകയോ ലേഖനങ്ങളെഴുതുകയോ ചെയ്തു. മലയാളിയുടെ ബൗദ്ധിക ജീവിതത്തിന്റെ സ്വാഭാവിക അധികാരികളായ സിപിഎമ്മിന്റെ ഔദ്യോഗിക ബുദ്ധിജീവികള്‍-പികെ പോക്കര്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, അശോകന്‍ ചരുവില്‍-അസ്വാഭാവികമായൊന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 'കേരള മോഡല്‍ കമ്മ്യൂണിസം' മുന്നോട്ടു വെക്കുന്ന 'ലൈംഗികതാരഹിത ലോകക്രമം' അവരുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ലൈംഗികതയില്ലായ്മ എന്ന സ്വാഭാവികതയിലേക്ക് അസ്വാഭാവികമായ ആശയങ്ങള്‍ കൊണ്ടു വന്ന പോള്‍ സഖറിയാവിനെ ക്രൂശിക്കാതെയോ പീലാത്തസേ?
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സന്ന്യാസിമാരെപ്പോലെയാണ് കഴിഞ്ഞു കൂടുന്നതെന്ന് ഇന്ത്യ സന്ദര്‍ശിച്ച ചില യുഎസ്എസ്ആര്‍ നേതാക്കള്‍ പണ്ട് പറയുകയുണ്ടായി. മദ്യവും ലൈംഗികതയും അവരുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലായിരുന്നു. ലോകകമ്മ്യൂണിസത്തിന് ഇന്ത്യയുടെ സംഭാവന ഏതെന്ന് ചോദിച്ചാല്‍ ഈ ബ്രഹ്മചര്യത്തെ ചൂണ്ടിക്കാണിക്കാം. ഇന്ത്യന്‍ കമ്മ്യൂണിസത്തിന് മൗലികതയില്ലെന്ന സി അച്യുതമേനോന്‍ സഖാവിന്റെ പഴയ ആരോപണത്തെ കണ്ണടച്ച് തള്ളിക്കളയാം. ബ്രഹ്മചര്യത്തിലൂടെ വിപ്ലവത്തിലേക്ക് എന്ന മുദ്രാവാക്യം മറ്റേത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുഴക്കിയിട്ടുള്ളത്?
സിപിഎം മലയാളികള്‍ക്കായി കരുതിവെച്ചിട്ടുള്ള സ്വാഭാവിക സദാചാര സംഹിതകളെ (അവ ഭാരതീയവും കേരളീയവും സര്‍വ്വോപരി ബ്രാഹ്മണീയവുമാണ്) ഒരു കാരണവശാലും തൊട്ടുകളിക്കരുതെന്നാണ് ആംഗ്യമായും വ്യംഗ്യമായും ഔദ്യോഗിക ബുദ്ധിജീവികള്‍ പറഞ്ഞു വെച്ചത്. ലൈംഗികമായ വിശപ്പ് നിങ്ങളെ ബാധിക്കുന്ന നേരത്തെല്ലാം മാക്‌സിം ഗോര്‍ക്കിയുടെ ഒരു കഥാപാത്രത്തെ ഓര്‍ത്ത് കണ്ണടച്ച് കിടന്നോളാനാണ് കെഇഎന്‍ കുഞ്ഞഹമ്മദ് സഖാവ് ഉദ്‌ബോധിപ്പിച്ചത്.
ലൈംഗിക പട്ടിണികൊണ്ട് പുളയുന്നവരുടെ മനസ്സില്‍ വേദാന്തം പൂക്കുമോ?
'പട്ടിണികൊണ്ട് പുളയുന്നവരുടെ മനസ്സില്‍ രതി പൂക്കുകയില്ല' എന്നത് മഹദ്വചനങ്ങള്‍ എന്ന പുസ്തകത്തില്‍ ചേര്‍ക്കാവുന്ന ഒരു പ്രസ്താവനയാണ്. പറഞ്ഞത് ദെറിദയോ ഫുക്കോവോ ശ്രീനാരായണ ഗുരുവോ അല്ല. നമ്മുടെ കെഇഎന്‍ കുഞ്ഞഹമ്മദ് സഖാവാണ്. ഇത്തരമൊരു അതികാല്‍പ്പനിക പ്രസ്താവം കൊണ്ട് കെഇഎന്‍ എന്താണ് ഉദ്ദേശിക്കുന്നത്? പട്ടിണികിടക്കുന്നവര്‍ക്ക് ലൈംഗിക ചിന്ത കുറയും എന്നാണോ? ലൈംഗിക ചിന്ത ഒഴിവാക്കാന്‍ പട്ടിണി കിടക്കണം എന്നാണോ? പട്ടിണി കിടക്കുന്നവരെ ഓര്‍ത്തെങ്കിലും ലൈംഗികത ഒഴിവാക്കൂ എന്നാണോ? പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നിക്കുന്ന ഈ കെഎഎന്‍ മുദ്രാവാക്യം യുക്തിസഹമോ പുരോഗമനപരമോ അല്ല. വലിയൊരളവ് പിന്തിരിപ്പനാണുതാനും.
മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ലെന്ന് ഒരു ക്രിസ്തുവചനമുണ്ട്. വിശപ്പാറിക്കഴിഞ്ഞാല്‍ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളില്‍ ലൈംഗികതയെ പെടുത്താന്‍ പൊതുവില്‍ ഒരു വൈമനസ്യമുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പിന്നെ പോളിയോ കുത്തിവെപ്പ് എന്നിങ്ങനെ ദേശസാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു കാര്യങ്ങള്‍. ഭക്ഷണത്തില്‍ തുടങ്ങി അതിന്റെ സുഖകരമായ വിസര്‍ജ്ജനത്തില്‍ അവസാനിക്കുന്നു ജീവിതത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍ എന്നു വരുന്നത് വലിയൊരു നുണയാണ്. ഇതിനെ ലൈഗികതയുടെ 'അമിത സ്വകാര്യവല്‍ക്കരണം' എന്ന് വിളിക്കാം. ഗാന്ധിജിയുടെ ലൈംഗിക ജീവിതം പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചാല്‍ കുട്ടികളെന്തു കരുതും എന്ന് വിചാരിക്കുന്നവരുടെ നാടാണ്. അങ്ങോര്‍ക്ക് അത്തരമൊരു ജീവിതം ഉണ്ടായിരുന്നില്ല എന്ന് ധരിപ്പിക്കലാണ് ഉചിതം.
ലൈംഗികബന്ധം സ്വകാര്യമായിരിക്കണം എന്ന് വാദിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. ഭക്ഷണം വസ്ത്രം പാര്‍പ്പിടം തുടങ്ങിയ മറ്റ് അടിസ്ഥാവനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍പ്പാദന പ്രക്രിയകള്‍ സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍ പുരോഗമിക്കുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുവാന്‍ പരസ്യ ലൈംഗികത കാരണമായേക്കുമെങ്കില്‍ അത് തടയപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ലൈംഗികത എന്ന സര്‍വ്വസാധാരണമായ ഒരു ജൈവിക പ്രതിഭാസത്തെ ഇത്രമാത്രം സ്വകാര്യവല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും കാല്‍പ്പനികവല്‍ക്കരിക്കുകയും ചെയ്യുന്നതെന്തിനാണ് എന്നതാണ് കാതലായ ചോദ്യം. ഇത്തരം കാല്‍പ്പനികവാദങ്ങള്‍ക്ക് ശ്രീരാമസേനയുടെയും ആര്‍ എസ് എസ്സിന്റെയും ശുദ്ധിവാദത്തിനടുത്തെത്താന്‍ അധികദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല എന്നത് ഭീതിയോടെ മാത്രം ശ്രദ്ധിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇങ്ങനെയുള്ള വാദമുഖങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ്സുകള്‍ നടത്തുന്ന ഒരാള്‍ നിന്ന് വിളമ്പുമ്പോള്‍ പേടിക്കുക തന്നെ വേണം.
കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കകത്തെ ജനാധിപത്യം നഷ്ടപ്പെട്ടാല്‍ പിന്നീടവയുടെ രൂപം ഫാഷിസ്റ്റായിരിക്കും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. വീണ്ടും ചെറിയ പേടിക്ക് വകയുണ്ട്. അന്ന് സഖറിയയെ ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാര്‍ തന്നെയായിരുന്നോ? അഥവാ എപ്പോഴും ആര്‍എസ്എസ് ആയി മാറാവുന്ന ഒരു ജൈവപ്രതിഭാസത്തെയാണോ ഡിവൈഎഫ്‌ഐ എന്ന് വിളിക്കുന്നത്?
മാനം കാക്കാന്‍ വേണ്ടി വാളും പരിചയും കൊണ്ട് മുന്നിട്ടിറങ്ങിയ കടത്തനാടന്‍ മങ്കമാരെ വാഴ്ത്തുമ്പോള്‍ അശോകന്‍ ചരുവിലിന് പറ്റുന്നതും നേരത്തെ പറഞ്ഞ അമിതകാല്‍പ്പനികത എന്ന പ്രശ്‌നമാണ്. ഏത് സാമൂഹിക സാഹചര്യത്തിലാണ് ചരുവിലിന്റെ മങ്കമാര്‍ക്ക് വാളെടുക്കേണ്ടി വന്നത് എന്ന
യുക്തിവിചാരത്തിന് അദ്ദേഹം ഒരുക്കമല്ല. മങ്കമാര്‍ക്ക് വാളെടുക്കാതെ ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക സാഹചര്യം ഉരുത്തിരിയേതിനെക്കുറിച്ചും ഈ നിഷ്‌കളങ്കനായ കമ്മ്യൂണിസ്റ്റുകാരന് ഒന്നും പറയാനില്ല. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി, ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി വാളും പരിചയുമേന്തിയ ഭര്‍ത്താവിന്റെ കൂടെ സിനിമക്ക് പോകുന്ന മലയാളി മങ്ക എന്ന കാല്‍പനിക ചിത്രം മേല്‍പ്പറഞ്ഞ ബുദ്ധിജീവികളുടെയെല്ലാം മനസ്സില്‍ അപകടകരമാം വിധം പതിഞ്ഞു കിടപ്പുണ്ട്. സ്ത്രീകള്‍ക്കു നേരെ അക്രമം ഏതു സമയത്തുമുണ്ടാകാം. സ്ത്രീ അബലയാണെന്നതില്‍ തര്‍ക്കമില്ല. ആയതുകൊണ്ട് പുരുഷന്‍മാര്‍ വാളും പരിചയമേന്തി ജീവിച്ചുകൊള്ളുക എന്നിങ്ങനെ ഇവര്‍ വിരമിക്കുന്നു. പുരുഷനും അവന്റെ സ്ത്രീയും എന്ന ഫ്യൂഡല്‍ സങ്കല്‍പ്പം തന്നെയാണ് ഈ ബുദ്ധിജീവികളുടെ സമത്വവാദങ്ങളുടെ അടിയിലുള്ളത്. ഉല്‍പാദന ഉപാധികളിന്മേല്‍ പുരുഷാധിപത്യം തുടരുന്ന ആധുനിക മുതലാളിത്ത ലോകത്തും ഇത്തരത്തിലുള്ള സമത്വവാദങ്ങള്‍ സ്വീകാര്യമത്രെ.
ഇക്കൂട്ടത്തില്‍ സ്ഥിരം വിമര്‍ശനമേറ്റു വാങ്ങാറുള്ളത് പുതിയ തലമുറയിലെ ആളുകളാണ്. പഴയ തലമുറ കാത്തുവെച്ച മൂല്യങ്ങള്‍ അവര്‍ ഏറ്റെടുക്കാത്തതില്‍ പലരും നിരാശരാണ്. മാറിയ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ മനുഷ്യബന്ധങ്ങളില്‍ ഉണ്ടായ എല്ലാ മാറ്റങ്ങളും തെറ്റ് എന്നെണ്ണുന്നവരാണവര്‍. സ്ഥിരമൂല്യങ്ങള്‍ എന്നൊന്നുണ്ട് എന്നും അവര്‍ വാദിക്കുന്നു. ശാശ്വത മൂല്യങ്ങളായി സത്യം, ദയ, സ്‌നേഹം തുടങ്ങിയവയെ എണ്ണാമെങ്കിലും കാലാനുസൃതമായ വ്യാഖ്യാനങ്ങളിലൂടെയാണ് അവയുടെ നിലനില്‍പ്പ് എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതിലും മികച്ച ഒരു മൂല്യവ്യവസ്ഥയുണ്ട് അല്ലെങ്കില്‍ ബദല്‍ വ്യവസ്ഥയണ്ട് എന്നാണെങ്കില്‍ പുതുതലമുറയില്‍ ഇടപെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ഒരു സാമൂഹിക സംഘടനയുടെ ബാധ്യതയെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഫ്യൂഡല്‍ കാലത്തില്‍ നിന്ന് ഏറെ മുന്നേറി മുതലാളിത്തത്തിന്റെ കാലഘട്ടത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രസാഹചര്യത്തിലും
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നോട്ടു വെക്കാനുള്ളത് പഴയ ഫ്യൂഡല്‍ സദാചാര മൂല്യങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവ തഴയപ്പെടുക തന്നെ ചെയ്യും.
നുണകള്‍ നിറഞ്ഞ പൊതുബോധത്തിനകത്ത് റിബലുകളായി മാറുന്നതാണോ പുതുതലമുറയുടെ അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്നവരുണ്ടാക്കിയ നുണകള്‍ ഏറ്റെടുക്കേണ്ട ബാധ്യത തികച്ചും ഉദാരമാക്കപ്പെട്ടിട്ടുള്ള ഒരു സാമ്പത്തിക സാഹചര്യത്തില്‍ ഇന്നത്തെ യൗവനത്തിനില്ലെന്നും തിരിച്ചറിയുന്നത് നന്ന്. ഈ തിരിച്ചറിവിലേക്ക് എത്തിപ്പെടാതെ 'സദാചാര പൊലീസ്' ആയി മുന്നേറാം എന്ന് സിപിഎം പോലുള്ള രാഷ്ട്രീയ സംഘടനകള്‍ കരുതുന്നുവെങ്കില്‍ അവര്‍ സാംസ്‌കാരികമായി കൈയേറ്റം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു എന്ന് വേണം കരുതാന്‍. അഥവാ കമ്മ്യൂണിസ്റ്റു ചമയുന്ന ഇത്തരക്കാരുടെ കൈയേറ്റങ്ങള്‍ ശ്രീരാമസേനയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്ന്.