ദക്ഷിണേഷ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടക്ക് നടന്ന ഏറ്റവും വലിയ സംഭവ വികാസങ്ങളിലൊന്ന് മേഖലയില്‍ മാവോയിസ്റ്റ് ആശയശാസ്ത്രം നടത്തുന്ന ഇടപെടലുകള്‍ ശക്തിയാര്‍ജ്ജിച്ചതാണ്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ മുന്നേറ്റമാണ് ഇവയില്‍ പ്രധാനമായത്. പ്രചണ്ഡയുടെ നേതൃത്വത്തില്‍ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ്) സംഘടനാപരമായി നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നതായാണ് നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു കയറി അധികാരം പിടിച്ചക്കുവാന്‍ നേപ്പാള്‍ മാവോയിസ്റ്റുകളെടുത്ത നിര്‍ണായകമായ തീരുമാനം 'നേപ്പാള്‍ വിപ്ലവം' സാധ്യമാക്കും എന്ന ആത്മവിശ്വാസം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് ഗറില്ലാ സേനയെ നേപ്പാള്‍ സൈന്യത്തില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതിന്റെ ഫലമായാണ് പ്രചണ്ഡയുടെ സര്‍ക്കാര്‍ നിലം പൊത്തിയതെന്നും ഓര്‍ക്കുക.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. പശ്ചിമബംഗാളിലെ വടക്കന്‍ മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ തെലങ്കാന വരെയുള്ള വിശാലമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. മേഖലയില്‍ പലയിടങ്ങളിലും 'വിമോചിത മേഖലകള്‍' എന്നറിയപ്പെടുന്ന, മാവോയിസ്റ്റ് സമാന്തര ഭരണം നടക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ 'ആഭ്യന്തര സുരക്ഷാ ഭീഷണി'യായി മാവോയിസം മാറിക്കഴിഞ്ഞു. 'നക്‌സല്‍ ബാധിത' പ്രദേശങ്ങളെ വിമോചിതമാക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന സൈനിക നീക്കത്തിനെതിരായി പൊതുവികാരമുയര്‍ത്താന്‍ മാവോയിസ്റ്റുകളുടെ പ്രചാരണങ്ങള്‍ക്കു കഴിഞ്ഞു. ബുദ്ധിജീവികള്‍ക്കിടയില്‍ നക്‌സലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ വെച്ചു നടന്ന 'ജനകീയ വിചാരണ' എന്ന മാവോയിസ്റ്റ് അനുകൂല പരിപാടിയില്‍ രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പങ്കുകൊള്ളുകയുണ്ടായി. കാര്യങ്ങള്‍ ഇപ്രകാരം വികസിക്കുന്നത് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ സാധ്യതയെയും ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങളെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങള്‍ സൈനിക നേതൃത്വത്തെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു. മാവോയിസ്റ്റ് മേഖലയില്‍ വ്യോമസേനക്ക് വെടിയുതിര്‍ക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കം തന്ത്രപരമാണെങ്കിലും എത്രമാത്രം വിജയകരമാവുമെന്നത് കണ്ടു തന്നെ അറിയണം.
വടക്കന്‍ മേഖലയില്‍ സ്വാധീനമുള്ള മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും തെക്കന്‍ മേഖലയിലെ പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പും തമ്മില്‍ 2004ല്‍ നടന്ന ലയനം രാജ്യത്തെ മാവോയസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക്് ശക്തി പകര്‍ന്ന ഒരു നീക്കമായിരുന്നു. ദശകങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തും വലിയ സൈനിക അടിത്തറയുമുള്ള പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആദ്യം പാര്‍ട്ടി യൂണിറ്റിയുമായി ലയിക്കുകയാണുണ്ടായത്. പിന്നീടാണ് മൂന്ന് കോടിയോളം വരുന്ന ജനങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന എം സി സി യുമായി ലയനം നടക്കുന്നത്. ഇതോടെ 40,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വലിയ ഭൂവിഭാഗത്തിലാണ് അവര്‍ ആധിപത്യമുറപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ റെഡ് കോറിഡോര്‍ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് ഭൂപ്രദേശം ഇങ്ങനെ രൂപപ്പെട്ടതാണ്. ഇടപെടുന്ന മേഖലയുടെ കാര്‌യത്തിലും ജനപിന്തുണ, സൈനികശേഷി, അനുഭവ സമ്പത്തുള്ള നേതൃത്വനിര എന്നിവയുടെ കാര്യത്തിലും വന്നുപെട്ട മാറ്റം മാവോയിസ്റ്റുകളുടെ ബലതന്ത്രരാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി. ഇത് പാര്‍ട്ടിയുടെ നയസമീപനത്തിലും സ്വാഭാവികമായ മാറ്റം വരുത്തിയിട്ടുണ്ട്.
ദണ്ഡകാരണ്യ വനമേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നത് ശക്തമാക്കുക എന്നത് മാത്രമല്ല ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനം. സമകാലിക രാഷ്ട്രീയ രംഗത്തിന്റെ ജീര്‍ണത മുതലെടുക്കുവാന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചതിന്റെ ഉദാഹരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന രാഷ്ട്രീയക്കളികള്‍. നഗരങ്ങളെ വളയുക എന്ന മാവോ രീതിശാസ്ത്രത്തെയും പ്രായോഗികമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇതിന് വ്യാപകമായ അനുകൂലഫലങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൈനയുടെ സഹായം നേപ്പാളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതായാണ് സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍. എന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിവുള്ളവര്‍ ഈ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ഇന്ത്യയില്‍ ബാങ്കുകളും എ ടി എമ്മുകളും ഉള്ളിടത്തോളം കാലം മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.'ശത്രുവിന്റെ ആയുധപ്പുര'യെ ഉപയോഗിക്കുക എന്ന മാവോ സൂക്തം ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ വിദഗ്ധമായി പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നര്‍ഥം.