30/10/10

'ഇനി വരേണ്ടത് ലക്ഷ്മണയുടെ ആത്മകഥ'- ഗ്രോ വാസു

'സത്യം എന്നെങ്കിലും പുറത്ത് വരാതിരിക്കില്ല' എന്ന, ഉപനിഷദ്വചനം ആധാരമാക്കിയ പ്രസ്താവന കൊണ്ടാണ് കോടതി വര്‍ഗ്ഗീസ് കേസില്‍ വിധിപ്രസ്താവം തുടങ്ങിയത്. ഇന്ത്യക്കാരന്റെ വിധിവിശ്വാസത്തിന്റെ നേരിയ ചുവ ഈ പ്രസ്താവനയിലുണ്ട്. എന്നെങ്കിലും പുറത്ത് വരാന്‍ ഇടയുള്ള സത്യത്തെകുറിച്ചുള്ള പ്രതീക്ഷയാണ് ഏതൊരു ഇന്ത്യക്കാരനെയും ജീവിപ്പിക്കുന്നത് എന്ന് കോടതിയുടെ നാവില്‍ നിന്നു തന്നെ പുറത്തു വരുന്നു. 'വിധി'ക്ക് അങ്ങനെയൊരു 'പൊസിറ്റീവ്' വശമുണ്ട്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ഗീതയും പറയുന്നു.
വളരെ വൈകിയെത്തിയ വിധി ഏറെ ചൊടിപ്പിച്ചത് വര്‍ഗ്ഗീസ് കൊല്ലപ്പെട്ട കാലത്ത് പ്രതിപക്ഷത്തുണ്ടായിരുന്നവരെയാണ്. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ വര്‍ഷങ്ങളോളം 'ഒളിപ്പിച്ചു' വെച്ച മഹാപാതകത്തെ കുറിച്ച് എഡിറ്റോറിയലുകള്‍ വരെ വന്നു. വളരെയേറെ പറയപ്പെട്ടതും എഴുതപ്പെട്ടതുമാണെങ്കിലും ആ സാഹചര്യങ്ങളെക്കുറിച്ച് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗ്രോ വാസുവുമായി ഒരു ഹ്രസ്വ സംഭാഷണം.

ചോ: അനുകൂലമായ വിധി വന്നിരിക്കുന്നു. 'ബൂര്‍ഷ്വാ കോടതി തുലയട്ടെ' എന്നതായിരുന്നല്ലോ മുദ്രാവാക്യം. കോടതികളെ വിശ്വസിക്കാന്‍ കൊള്ളുമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ഗ്രോ വാസു: വര്‍ഗ്ഗീസ് കൊല്ലപ്പെട്ട കാലത്തേക്കാള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന കാലമാണിത്. ആസാദും സുഹ്‌റാബുദ്ദീന്‍ ശൈഖും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഈയടുത്ത കാലത്താണ്. മറ്റൊരാളെ കേരളത്തില്‍ നിന്ന് പിടിച്ചു കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്. പശ്ചിമഘട്ട നിരകളുടെ അങ്ങേത്തല മുതല്‍ ആന്ധ്ര വരെ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്ത് ഉടനീളം നടക്കുന്ന സമാനമായ സംഭവങ്ങളെക്കുറിച്ച് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളുടെ നീണ്ട നിര തന്നെ സംഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വര്‍ഗീസ് കേസില്‍ വിധി വരുന്നതെന്നത് പ്രധാനം തന്നെയാണ്. വര്‍ഗപരമായ നിശിത വിശകലനത്തില്‍ കോടതികള്‍ ബൂര്‍ഷ്വാ നിലപാടുകളില്‍ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് പറയുമ്പോഴും അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ അത് അത്തരം സ്വഭാവങ്ങളെ അതിവര്‍ത്തിക്കുന്നത് കാണാറുണ്ട്. വര്‍ഗീസ് കേസ് വിധിയില്‍ കോടതി ബൂര്‍ഷ്വാ ഭരണകൂടത്തെയും അതിന്റെ നീതിന്യായ സംവിധാനങ്ങളെയും കടന്ന് ഉയര്‍ന്നു നില്‍ക്കുന്നത് കാണാതിരിക്കേണ്ട കാര്യമില്ല.

ചോ: സംഘടനാപരമായി വിധിയെ വിലയിരുത്തുന്നത് എങ്ങനെയാണ്?
ഗ്രോ വാസു: വര്‍ഗീസിന്റെ ആശയഗതികളുടെ സംഘടനാരൂപം കേരളത്തില്‍ തകര്‍ച്ച നേരിട്ടു എന്നത് ശരി തന്നെ. അതിന്റെ കാര്യകാരണങ്ങള്‍ പലതാണ്. ഒരു കാലത്ത് കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ നയിച്ചിരുന്നത് 'എന്റെ കുട്ടിക'ളാണെന്ന് ജയറാം പടിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവശേഷിച്ചവര്‍ 80കള്‍ക്കൊടുവില്‍ തുടങ്ങിയ രാഷ്ട്രീയ, സാമ്പത്തിക ദിശാ‍മാറ്റങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ടു പോയി. എങ്കിലും ഞങ്ങള്‍ ശരിയായിരുന്നു എന്ന് ഇക്കഴിഞ്ഞ നാല്‍പ്പത് വര്‍ഷം തെളിയിച്ചു.

ചോ: വര്‍ഗീസ് വധത്തിനു ശേഷം ഇ എം എസ് തിരുനെല്ലി സന്ദര്‍ശിച്ചിരുന്നു. പിന്നീട് നിയമസഭയില്‍ വന്‍ വിവാദങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു...
ഗ്രോ വാസു: അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു കൊലപാതകം നടക്കില്ല എന്നതുറപ്പാണ്. 'കണ്ണൂരിലെത്തുമ്പോള്‍ തീവണ്ടിയാപ്പീസില്‍ നിന്ന് പാര്‍ട്ടി ഓഫീസ് വരെ നിങ്ങളുടെ പെട്ടി ചുമന്നിരുന്ന ആ പയ്യനെ കൊല്ലാന്‍ കൂട്ടു നിന്നത് ശരിയായില്ല' എന്ന് കെ പി ആര്‍ ഗോപാലന്‍ അച്യുതമേനോനോട് തുറന്നു പറഞ്ഞു. 'വെക്കട ചെറ്റേ ചെങ്കൊടി താഴെ' എന്ന് അച്യുതമേനോനെതിരെ അക്കാലത്ത് മുദ്രാവാക്യമുയര്‍ന്നിരുന്നു. അച്യുതമേനോനും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ട് പിന്നീട് അദ്ദേഹം എഴുതുകയും ചെയ്തു. കൂടാതെ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിലും ഇതിന്റെ സൂചനകളുണ്ട്. വെടിവെക്കാന്‍ ലക്ഷ്മണ ഉത്തരവ് കൊടുത്തിട്ടും വിസമ്മതം പ്രകടിപ്പിച്ച രാമചന്ദ്രനോട് അദ്ദേഹം പറഞ്ഞത് 'ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. ആരാണ് ഈ 'ഞങ്ങള്‍'എന്ന ചോദ്യം അവശേഷിക്കുന്നു. ഇതെല്ലാം ഒരിക്കല്‍ പുറത്തു വരും.

ചോ: എങ്ങനെ?
ഗ്രോ വാസു: ഒരു ആത്മകഥനത്തിലൂടെയാണ് വര്‍ഗീസ് വധം പൂറത്തു വന്നത്. അത്തരമൊന്ന് ഇനിയും വരും. ലക്ഷ്മണക്ക് ചിലത് പറയാനുണ്ടെന്നത് ഉറപ്പാണ്. എല്ലാ പാപഭാരവും അദ്ദേഹം തനിച്ച് ചുമക്കേണ്ട കാര്യമില്ല.

ചോ: അന്ന് നിയമസഭയില്‍ പ്രശ്‌നമുണ്ടായിക്കിയ പ്രതിപക്ഷം പിന്നീട് ഭരണപക്ഷത്തും എത്തിയിരുന്നു?
ഗ്രോ വാസു: നിലവിലെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് നടത്തുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെ മാറ്റമുണ്ടാക്കാം എന്ന് വാദിക്കുന്നവരാണ് അവര്‍. അങ്ങനെയെങ്കില്‍ വര്‍ഗീസ് കേസില്‍ കുറ്റവാളികളെ പിടികൂടാന്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കേണ്ടവരും അവരായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നായനാരുടെ ഭരണകാലത്ത് വര്‍ഗീസിന്റെ സഹോദരങ്ങളുടെ പരാതിയെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ആന്റണി അവഗണിച്ചത് മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്ന നായനാര്‍ അവരെ അവഗണിച്ചതിന് എന്താണ് ന്യായീകരണം?

ചോ: രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ ഗ്രോ വാസു ദീര്‍ഘകാലം ഒളിപ്പിച്ചു വെച്ചു എന്നാണ് ഇപ്പോള്‍ സി പി എം ആരോപിക്കുന്നത്?

ഗ്രോ വാസു: സി പി എം വായടിക്കുകയാണ്. അവരുടെ പത്രത്തില്‍ നെറികെട്ട രീതിയിലാണ് എന്നെക്കുറിച്ചെഴുതിയത്. ഒരു നോട്ടീസ് പൊലും അടിച്ചിറക്കാന്‍ പറ്റാത്ത കാലത്താണ് എനിക്ക് രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ ലഭിക്കുന്നത്. പലയിടത്തും പിന്നീട് ഞാനത് പ്രസംഗിച്ചു നടന്നു. 'എല്ലാം ഒരു യക്ഷിക്കഥ പൊലെ' എന്നാണ് അന്നാളുകള്‍ അതിനെ വിലയിരുത്തിയത്. വളരെ കമ്മിറ്റഡായ ഒരാളായിരുന്നു രാമചന്ദ്രന്‍ നായര്‍. അടിസ്ഥാന വര്‍ഗത്തോട് അദ്ദേഹത്തിനുള്ള പ്രതിബദ്ധത പോലെ കടുത്തതായിരുന്നു കുടുംബത്തോടുള്ള സ്‌നേഹവും. കുടുംബം അനാഥമാകുമെന്നുള്ള ഭയം കൊണ്ട് മാത്രം ലക്ഷ്മണയുടെ ആജ്ഞ അനുസരിച്ചയാളാണ്. ഇവയൊന്നും പരിഗണിക്കാതെ ആ വെളിപ്പെടുത്തല്‍ പുറത്തു വിട്ടാല്‍ അദ്ദേഹത്തിനുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് എനിക്കും വ്യാകുലതയുണ്ടായിരുന്നു. ഇതൊന്നും മനസ്സിലാകാത്തവര്‍ക്ക് കവലപ്രസംഗം പോലെയുള്ള എഡിറ്റോറിയലുകള്‍ എഴുതാം.

ചോ: വിശാല അടിസ്ഥാനത്തില്‍ സി പി എമ്മുമായുള്ള വിയോജിപ്പുകള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വയനാടിന്റെ മാത്രം പശ്ചാത്തലത്തില്‍ സി പി എം പ്രായോഗികമായി എങ്ങനെയാണ് നിങ്ങളോട് വിയോജിച്ചത്?

ഗ്രോ വാസു: ഒരു സംഭവം പറയാം. ഞങ്ങള്‍ കാടു കയറാന്‍ പോകുകയാണ്. സംഘത്തില്‍ വര്‍ഗീസും ഞാനുമുള്‍പ്പെടെ കുറച്ചു പേരുണ്ട്. ആയുധങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. ജന്മിമാരുടെയും ഹുണ്ടികക്കാരുടെയും വീടുകളില്‍ കയറി തോക്കുകള്‍ ശേഖരിക്കാനാണ് പരിപാടി. പ്രഭാകരവാര്യരുടെ വീട്ടില്‍(വര്‍ഗീസിനെ കൈകള്‍ പിന്നില്‍ കെട്ടി കാട്ടിലേക്ക് കൊണ്ടു പോകുന്നതിന് പ്രധാന സാക്ഷി പ്രഭാകര വാര്യരായിരുന്നു) കയറിയെങ്കിലും അവിടെ തോക്കുണ്ടായിരുന്നില്ല. ശൂലപാണി വാര്യരുടെ വീട്ടില്‍ നിന്ന് തോക്ക് കിട്ടി. സ്ഥലത്തെ ജന്മിയായ അപ്പുസ്വാമിയുടെ വീട്ടില്‍ കയറുന്നതിനു മുമ്പ് വര്‍ഗീസ് സംഘത്തെ തടഞ്ഞു. ''എല്ലാവരും കൂടി കയറിച്ചെന്നാല്‍ അപ്പുസ്വാമി അപ്പോള്‍ തന്നെ തീരും. ഞാനും വാസുവും പോയി വരാം'' വര്‍ഗീസ് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കയറിച്ചെന്നു. വര്‍ഗ്ഗീസ് പറഞ്ഞതു തന്നെ സംഭവിച്ചു. സ്ഥലത്തെ പ്രമുഖ സി പി എം നേതാവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അപ്പുസ്വാമി ഇരുന്നിടത്തു നിന്ന് പിന്നാക്കം മറിഞ്ഞു. ഞാന്‍ അകത്തു കയറി അപ്പുസ്വാമിയുടെ ഭാര്യയോട് ചോദിച്ച് തോക്ക് കൈവശമാക്കി. ഈ സമയത്ത് വര്‍ഗീസ് സി പി എം നേതാവുമായി വാക്കുതര്‍ക്കത്തിലായിരുന്നു. ആയുധം ശേഖരിച്ച് കാട് കയറാനുള്ളതാണ്. ഒട്ടും സമയമില്ല. വര്‍ഗീസിനെ ഞാന്‍ പ്രയാസപ്പെട്ട് പിന്തിരിപ്പിച്ച് കൊണ്ടു പോയി.
ഇങ്ങനെയായിരുന്നു സി പി എമ്മും വയനാട്ടിലെ ജന്മിമാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധം. ആ സി പി എമ്മുകാരന് ആ നേരത്ത് എന്തായിരുന്നു ഹുണ്ടികക്കാരനായ ജന്മിയുടെ വീട്ടില്‍ കാര്യം. ജന്മിമാര്‍ സി പി എമ്മുകാരായി മാറിയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയും ആദിവാസികളെ ചൂഷണം ചെയ്തു.


കേരളത്തില്‍ ഇപ്പോള്‍ ഇടിമുഴക്കങ്ങളൊന്നുമില്ല. 'വയനാട്ടിലെ മഴ' തോര്‍ന്നിരിക്കുന്നു. മധ്യവയസ്സു പിന്നിട്ടവരുടെ നൊസ്റ്റാള്‍ജിയയില്‍ മാത്രമാണ് ഇന്ന് നക്‌സല്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ നിലനില്‍പ്പ്. എങ്കിലും ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ സായുധ പ്രസ്ഥാനങ്ങള്‍ വളരുന്നത് ഭരണകൂടജാഗ്രതയെ ഉണര്‍ത്തിയ സാഹചര്യത്തിലാണ് വര്‍ഗ്ഗീസ് കേസ് വിധി പറയുന്നത്. വയനാട്ടില്‍ വീണ്ടും സായുധപ്രസ്ഥാനങ്ങള്‍ വേര് പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഈയിടെ പുറത്തു വരികയുണ്ടായി.