13/8/10

ഇന്ത്യന്‍ ഗറില്ലാ നീക്കങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമികയും നയതന്ത്രവും

ദക്ഷിണേഷ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടക്ക് നടന്ന ഏറ്റവും വലിയ സംഭവ വികാസങ്ങളിലൊന്ന് മേഖലയില്‍ മാവോയിസ്റ്റ് ആശയശാസ്ത്രം നടത്തുന്ന ഇടപെടലുകള്‍ ശക്തിയാര്‍ജ്ജിച്ചതാണ്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ മുന്നേറ്റമാണ് ഇവയില്‍ പ്രധാനമായത്. പ്രചണ്ഡയുടെ നേതൃത്വത്തില്‍ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ്) സംഘടനാപരമായി നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നതായാണ് നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു കയറി അധികാരം പിടിച്ചക്കുവാന്‍ നേപ്പാള്‍ മാവോയിസ്റ്റുകളെടുത്ത നിര്‍ണായകമായ തീരുമാനം 'നേപ്പാള്‍ വിപ്ലവം' സാധ്യമാക്കും എന്ന ആത്മവിശ്വാസം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് ഗറില്ലാ സേനയെ നേപ്പാള്‍ സൈന്യത്തില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതിന്റെ ഫലമായാണ് പ്രചണ്ഡയുടെ സര്‍ക്കാര്‍ നിലം പൊത്തിയതെന്നും ഓര്‍ക്കുക.

ഇന്ത്യന്‍ രാഷ്ട്രീയത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. പശ്ചിമബംഗാളിലെ വടക്കന്‍ മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ തെലങ്കാന വരെയുള്ള വിശാലമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. മേഖലയില്‍ പലയിടങ്ങളിലും 'വിമോചിത മേഖലകള്‍' എന്നറിയപ്പെടുന്ന, മാവോയിസ്റ്റ് സമാന്തര ഭരണം നടക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ 'ആഭ്യന്തര സുരക്ഷാ ഭീഷണി'യായി മാവോയിസം മാറിക്കഴിഞ്ഞു. 'നക്‌സല്‍ ബാധിത' പ്രദേശങ്ങളെ വിമോചിതമാക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന സൈനിക നീക്കത്തിനെതിരായി പൊതുവികാരമുയര്‍ത്താന്‍ മാവോയിസ്റ്റുകളുടെ പ്രചാരണങ്ങള്‍ക്കു കഴിഞ്ഞു. ബുദ്ധിജീവികള്‍ക്കിടയില്‍ നക്‌സലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ വെച്ചു നടന്ന 'ജനകീയ വിചാരണ' എന്ന മാവോയിസ്റ്റ് അനുകൂല പരിപാടിയില്‍ രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പങ്കുകൊള്ളുകയുണ്ടായി. കാര്യങ്ങള്‍ ഇപ്രകാരം വികസിക്കുന്നത് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ സാധ്യതയെയും ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങളെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങള്‍ സൈനിക നേതൃത്വത്തെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു. മാവോയിസ്റ്റ് മേഖലയില്‍ വ്യോമസേനക്ക് വെടിയുതിര്‍ക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കം തന്ത്രപരമാണെങ്കിലും എത്രമാത്രം വിജയകരമാവുമെന്നത് കണ്ടു തന്നെ അറിയണം.

വടക്കന്‍ മേഖലയില്‍ സ്വാധീനമുള്ള മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും തെക്കന്‍ മേഖലയിലെ പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പും തമ്മില്‍ 2004ല്‍ നടന്ന ലയനം രാജ്യത്തെ മാവോയസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക്് ശക്തി പകര്‍ന്ന ഒരു നീക്കമായിരുന്നു. ദശകങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തും വലിയ സൈനിക അടിത്തറയുമുള്ള പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആദ്യം പാര്‍ട്ടി യൂണിറ്റിയുമായി ലയിക്കുകയാണുണ്ടായത്. പിന്നീടാണ് മൂന്ന് കോടിയോളം വരുന്ന ജനങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന എം സി സി യുമായി ലയനം നടക്കുന്നത്. ഇതോടെ 40,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വലിയ ഭൂവിഭാഗത്തിലാണ് അവര്‍ ആധിപത്യമുറപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ റെഡ് കോറിഡോര്‍ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് ഭൂപ്രദേശം ഇങ്ങനെ രൂപപ്പെട്ടതാണ്.  ഇടപെടുന്ന മേഖലയുടെ കാര്‌യത്തിലും ജനപിന്തുണ, സൈനികശേഷി, അനുഭവ സമ്പത്തുള്ള നേതൃത്വനിര എന്നിവയുടെ കാര്യത്തിലും വന്നുപെട്ട മാറ്റം മാവോയിസ്റ്റുകളുടെ ബലതന്ത്രരാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി. ഇത് പാര്‍ട്ടിയുടെ നയസമീപനത്തിലും സ്വാഭാവികമായ മാറ്റം വരുത്തിയിട്ടുണ്ട്.

ദണ്ഡകാരണ്യ വനമേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നത് ശക്തമാക്കുക എന്നത് മാത്രമല്ല ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനം. സമകാലിക രാഷ്ട്രീയ രംഗത്തിന്റെ ജീര്‍ണത മുതലെടുക്കുവാന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചതിന്റെ ഉദാഹരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന രാഷ്ട്രീയക്കളികള്‍. നഗരങ്ങളെ വളയുക എന്ന മാവോ രീതിശാസ്ത്രത്തെയും പ്രായോഗികമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇതിന് വ്യാപകമായ അനുകൂലഫലങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൈനയുടെ സഹായം നേപ്പാളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതായാണ് സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍. എന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിവുള്ളവര്‍ ഈ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ഇന്ത്യയില്‍ ബാങ്കുകളും എ ടി എമ്മുകളും ഉള്ളിടത്തോളം കാലം മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.'ശത്രുവിന്റെ ആയുധപ്പുര'യെ ഉപയോഗിക്കുക എന്ന മാവോ സൂക്തം ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ വിദഗ്ധമായി പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നര്‍ഥം.

28/7/10

One US General, who named as the new commander of the US Central Command, proposed joint military classes for India, Pak officers to ease the trust deficit between two countries

Indo-Pak talks shouldn't be judged as '2+2=4'

Buddhadeb Bhattacharya, the so called 'new generation Marxist', stayed away from the Politburo meet which conducted just after the civic poll debacle and its main objective was to discuss the draft of the political resolution

27/7/10

VS wages 'guerilla war' againt the Pinarayi fraction resolution to accommodate the NCP in the front

Rajathi Ammal, the third wife of M.Karunanidhi, conspire to sack A. Raja from the cabinet post for her daughter Kanimozhi

Wikileak leaked out the US and its key strategic partner Pakistan

12/4/10

ലൈംഗിക പട്ടിണിയും സിപിഎം സ്മാര്‍ത്തന്മാരും

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോള്‍ സഖറിയ എന്ന കമ്പോളവാദിയായ ഒരു സാഹിത്യകാരനെ ഡിവൈഎഫ്‌ഐ എന്ന യുവജനസംഘടനയുടെ ക്വട്ടേഷന്‍ സഖാക്കള്‍ കൈയേറ്റം ചെയ്യുകയുണ്ടായി. പോള്‍ സഖറിയ പ്രസ്തുത കൈയേറ്റത്തിന്റെ വിപണിമൂല്യം തിരിച്ചറിയാന്‍ കെല്‍പുള്ള ആധുനിക സാഹിത്യ സഖാവാകയാല്‍ വളരെ താമസിയാതെ മാധ്യമ കമ്പോളത്തില്‍ അത് വിറ്റഴിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ, സാമ്രാജ്യത്വാനുകൂല, പിന്തിരിപ്പന്‍ മാധ്യമപ്പട സംഭവത്തെ കാര്യമായേറ്റെടുക്കുകയും മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിനേറ്റ മിന്നലിടിയായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ടിപി രാജീവന്‍ മുതലായ വ്യവസ്ഥാപിത, ഫ്യൂഡല്‍, മുതലാളിത്ത ബുദ്ധിജീവികള്‍ തങ്ങളുടെ പുറത്തേറ്റ അടിയായി പ്രസ്തുത സംഭവത്തെ തിരിച്ചറിഞ്ഞു. ഒരടി കൊള്ളാന്‍ വ്യക്തിപരമായി തനിക്കുള്ള യോഗ്യതയെ പുരസ്‌കരിച്ച് രാജീവന്‍ സഖാവ് ലേഖനപ്പെടുകയും ചെയ്തു. ആധുനിക മനുഷ്യര്‍ എന്ന് തങ്ങളെ ചേര്‍ത്ത് പറയുന്നതു പോലും അങ്ങേയറ്റത്തെ അപമാനമായിക്കരുതുന്ന സുകുമാര്‍ അഴീക്കോട്, വിസി ശ്രീജന്‍ മുതലായ ശാശ്വത ബുദ്ധിജീവികള്‍ പൗരാണികവും ശാശ്വതവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് പ്രസ്താവനകളിറക്കുകയോ ലേഖനങ്ങളെഴുതുകയോ ചെയ്തു. മലയാളിയുടെ ബൗദ്ധിക ജീവിതത്തിന്റെ സ്വാഭാവിക അധികാരികളായ സിപിഎമ്മിന്റെ ഔദ്യോഗിക ബുദ്ധിജീവികള്‍-പികെ പോക്കര്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, അശോകന്‍ ചരുവില്‍-അസ്വാഭാവികമായൊന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 'കേരള മോഡല്‍ കമ്മ്യൂണിസം' മുന്നോട്ടു വെക്കുന്ന 'ലൈംഗികതാരഹിത ലോകക്രമം' അവരുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ലൈംഗികതയില്ലായ്മ എന്ന സ്വാഭാവികതയിലേക്ക് അസ്വാഭാവികമായ ആശയങ്ങള്‍ കൊണ്ടു വന്ന പോള്‍ സഖറിയാവിനെ ക്രൂശിക്കാതെയോ പീലാത്തസേ?

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സന്ന്യാസിമാരെപ്പോലെയാണ് കഴിഞ്ഞു കൂടുന്നതെന്ന് ഇന്ത്യ സന്ദര്‍ശിച്ച ചില യുഎസ്എസ്ആര്‍ നേതാക്കള്‍ പണ്ട് പറയുകയുണ്ടായി. മദ്യവും ലൈംഗികതയും അവരുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലായിരുന്നു. ലോകകമ്മ്യൂണിസത്തിന് ഇന്ത്യയുടെ സംഭാവന ഏതെന്ന് ചോദിച്ചാല്‍ ഈ ബ്രഹ്മചര്യത്തെ ചൂണ്ടിക്കാണിക്കാം. ഇന്ത്യന്‍ കമ്മ്യൂണിസത്തിന് മൗലികതയില്ലെന്ന സി അച്യുതമേനോന്‍ സഖാവിന്റെ പഴയ ആരോപണത്തെ കണ്ണടച്ച് തള്ളിക്കളയാം. ബ്രഹ്മചര്യത്തിലൂടെ വിപ്ലവത്തിലേക്ക് എന്ന മുദ്രാവാക്യം മറ്റേത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുഴക്കിയിട്ടുള്ളത്?

സിപിഎം മലയാളികള്‍ക്കായി കരുതിവെച്ചിട്ടുള്ള സ്വാഭാവിക സദാചാര സംഹിതകളെ (അവ ഭാരതീയവും കേരളീയവും സര്‍വ്വോപരി ബ്രാഹ്മണീയവുമാണ്) ഒരു കാരണവശാലും തൊട്ടുകളിക്കരുതെന്നാണ് ആംഗ്യമായും വ്യംഗ്യമായും ഔദ്യോഗിക ബുദ്ധിജീവികള്‍ പറഞ്ഞു വെച്ചത്. ലൈംഗികമായ വിശപ്പ് നിങ്ങളെ ബാധിക്കുന്ന നേരത്തെല്ലാം മാക്‌സിം ഗോര്‍ക്കിയുടെ ഒരു കഥാപാത്രത്തെ ഓര്‍ത്ത് കണ്ണടച്ച് കിടന്നോളാനാണ് കെഇഎന്‍ കുഞ്ഞഹമ്മദ് സഖാവ് ഉദ്‌ബോധിപ്പിച്ചത്.

ലൈംഗിക പട്ടിണികൊണ്ട് പുളയുന്നവരുടെ മനസ്സില്‍ വേദാന്തം പൂക്കുമോ?

'പട്ടിണികൊണ്ട് പുളയുന്നവരുടെ മനസ്സില്‍ രതി പൂക്കുകയില്ല' എന്നത് മഹദ്വചനങ്ങള്‍ എന്ന പുസ്തകത്തില്‍ ചേര്‍ക്കാവുന്ന ഒരു പ്രസ്താവനയാണ്. പറഞ്ഞത് ദെറിദയോ ഫുക്കോവോ ശ്രീനാരായണ ഗുരുവോ അല്ല. നമ്മുടെ കെഇഎന്‍ കുഞ്ഞഹമ്മദ് സഖാവാണ്. ഇത്തരമൊരു അതികാല്‍പ്പനിക പ്രസ്താവം കൊണ്ട് കെഇഎന്‍ എന്താണ് ഉദ്ദേശിക്കുന്നത്? പട്ടിണികിടക്കുന്നവര്‍ക്ക് ലൈംഗിക ചിന്ത കുറയും എന്നാണോ? ലൈംഗിക ചിന്ത ഒഴിവാക്കാന്‍ പട്ടിണി കിടക്കണം എന്നാണോ? പട്ടിണി കിടക്കുന്നവരെ ഓര്‍ത്തെങ്കിലും ലൈംഗികത ഒഴിവാക്കൂ എന്നാണോ? പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നിക്കുന്ന ഈ കെഎഎന്‍ മുദ്രാവാക്യം യുക്തിസഹമോ പുരോഗമനപരമോ അല്ല. വലിയൊരളവ് പിന്തിരിപ്പനാണുതാനും.

മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ലെന്ന് ഒരു ക്രിസ്തുവചനമുണ്ട്. വിശപ്പാറിക്കഴിഞ്ഞാല്‍ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളില്‍ ലൈംഗികതയെ പെടുത്താന്‍ പൊതുവില്‍ ഒരു വൈമനസ്യമുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പിന്നെ പോളിയോ കുത്തിവെപ്പ് എന്നിങ്ങനെ ദേശസാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു കാര്യങ്ങള്‍. ഭക്ഷണത്തില്‍ തുടങ്ങി അതിന്റെ സുഖകരമായ വിസര്‍ജ്ജനത്തില്‍ അവസാനിക്കുന്നു ജീവിതത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍ എന്നു വരുന്നത് വലിയൊരു നുണയാണ്. ഇതിനെ ലൈഗികതയുടെ 'അമിത സ്വകാര്യവല്‍ക്കരണം' എന്ന് വിളിക്കാം. ഗാന്ധിജിയുടെ ലൈംഗിക ജീവിതം പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചാല്‍ കുട്ടികളെന്തു കരുതും എന്ന് വിചാരിക്കുന്നവരുടെ നാടാണ്. അങ്ങോര്‍ക്ക് അത്തരമൊരു ജീവിതം ഉണ്ടായിരുന്നില്ല എന്ന് ധരിപ്പിക്കലാണ് ഉചിതം.

ലൈംഗികബന്ധം സ്വകാര്യമായിരിക്കണം എന്ന് വാദിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. ഭക്ഷണം വസ്ത്രം പാര്‍പ്പിടം തുടങ്ങിയ മറ്റ് അടിസ്ഥാവനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍പ്പാദന പ്രക്രിയകള്‍ സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍ പുരോഗമിക്കുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുവാന്‍ പരസ്യ ലൈംഗികത കാരണമായേക്കുമെങ്കില്‍ അത് തടയപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ ലൈംഗികത എന്ന സര്‍വ്വസാധാരണമായ ഒരു ജൈവിക പ്രതിഭാസത്തെ ഇത്രമാത്രം സ്വകാര്യവല്‍ക്കരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും കാല്‍പ്പനികവല്‍ക്കരിക്കുകയും ചെയ്യുന്നതെന്തിനാണ് എന്നതാണ് കാതലായ ചോദ്യം. ഇത്തരം കാല്‍പ്പനികവാദങ്ങള്‍ക്ക് ശ്രീരാമസേനയുടെയും ആര്‍ എസ് എസ്സിന്റെയും ശുദ്ധിവാദത്തിനടുത്തെത്താന്‍ അധികദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല എന്നത് ഭീതിയോടെ മാത്രം ശ്രദ്ധിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇങ്ങനെയുള്ള വാദമുഖങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ്സുകള്‍ നടത്തുന്ന ഒരാള്‍ നിന്ന് വിളമ്പുമ്പോള്‍ പേടിക്കുക തന്നെ വേണം.

കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കകത്തെ ജനാധിപത്യം നഷ്ടപ്പെട്ടാല്‍ പിന്നീടവയുടെ രൂപം ഫാഷിസ്റ്റായിരിക്കും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. വീണ്ടും ചെറിയ പേടിക്ക് വകയുണ്ട്. അന്ന് സഖറിയയെ ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാര്‍ തന്നെയായിരുന്നോ? അഥവാ എപ്പോഴും ആര്‍എസ്എസ് ആയി മാറാവുന്ന ഒരു ജൈവപ്രതിഭാസത്തെയാണോ ഡിവൈഎഫ്‌ഐ എന്ന് വിളിക്കുന്നത്?

മാനം കാക്കാന്‍ വേണ്ടി വാളും പരിചയും കൊണ്ട് മുന്നിട്ടിറങ്ങിയ കടത്തനാടന്‍ മങ്കമാരെ വാഴ്ത്തുമ്പോള്‍ അശോകന്‍ ചരുവിലിന് പറ്റുന്നതും നേരത്തെ പറഞ്ഞ അമിതകാല്‍പ്പനികത എന്ന പ്രശ്‌നമാണ്. ഏത് സാമൂഹിക സാഹചര്യത്തിലാണ് ചരുവിലിന്റെ മങ്കമാര്‍ക്ക് വാളെടുക്കേണ്ടി വന്നത് എന്ന
 യുക്തിവിചാരത്തിന് അദ്ദേഹം ഒരുക്കമല്ല. മങ്കമാര്‍ക്ക് വാളെടുക്കാതെ ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക സാഹചര്യം ഉരുത്തിരിയേതിനെക്കുറിച്ചും ഈ നിഷ്‌കളങ്കനായ കമ്മ്യൂണിസ്റ്റുകാരന് ഒന്നും പറയാനില്ല. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി, ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി വാളും പരിചയുമേന്തിയ ഭര്‍ത്താവിന്റെ കൂടെ സിനിമക്ക് പോകുന്ന മലയാളി മങ്ക എന്ന കാല്‍പനിക ചിത്രം മേല്‍പ്പറഞ്ഞ ബുദ്ധിജീവികളുടെയെല്ലാം മനസ്സില്‍ അപകടകരമാം വിധം പതിഞ്ഞു കിടപ്പുണ്ട്. സ്ത്രീകള്‍ക്കു നേരെ അക്രമം ഏതു സമയത്തുമുണ്ടാകാം. സ്ത്രീ അബലയാണെന്നതില്‍ തര്‍ക്കമില്ല. ആയതുകൊണ്ട് പുരുഷന്‍മാര്‍ വാളും പരിചയമേന്തി ജീവിച്ചുകൊള്ളുക എന്നിങ്ങനെ ഇവര്‍ വിരമിക്കുന്നു. പുരുഷനും അവന്റെ സ്ത്രീയും എന്ന ഫ്യൂഡല്‍ സങ്കല്‍പ്പം തന്നെയാണ് ഈ ബുദ്ധിജീവികളുടെ സമത്വവാദങ്ങളുടെ അടിയിലുള്ളത്. ഉല്‍പാദന ഉപാധികളിന്മേല്‍ പുരുഷാധിപത്യം തുടരുന്ന ആധുനിക മുതലാളിത്ത ലോകത്തും ഇത്തരത്തിലുള്ള സമത്വവാദങ്ങള്‍ സ്വീകാര്യമത്രെ.
ഇക്കൂട്ടത്തില്‍ സ്ഥിരം വിമര്‍ശനമേറ്റു വാങ്ങാറുള്ളത് പുതിയ തലമുറയിലെ ആളുകളാണ്. പഴയ തലമുറ കാത്തുവെച്ച മൂല്യങ്ങള്‍ അവര്‍ ഏറ്റെടുക്കാത്തതില്‍ പലരും നിരാശരാണ്. മാറിയ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ മനുഷ്യബന്ധങ്ങളില്‍ ഉണ്ടായ എല്ലാ മാറ്റങ്ങളും തെറ്റ് എന്നെണ്ണുന്നവരാണവര്‍. സ്ഥിരമൂല്യങ്ങള്‍ എന്നൊന്നുണ്ട് എന്നും അവര്‍ വാദിക്കുന്നു. ശാശ്വത മൂല്യങ്ങളായി സത്യം, ദയ, സ്‌നേഹം തുടങ്ങിയവയെ എണ്ണാമെങ്കിലും കാലാനുസൃതമായ വ്യാഖ്യാനങ്ങളിലൂടെയാണ് അവയുടെ നിലനില്‍പ്പ് എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതിലും മികച്ച ഒരു മൂല്യവ്യവസ്ഥയുണ്ട് അല്ലെങ്കില്‍ ബദല്‍ വ്യവസ്ഥയണ്ട് എന്നാണെങ്കില്‍ പുതുതലമുറയില്‍ ഇടപെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ഒരു സാമൂഹിക സംഘടനയുടെ ബാധ്യതയെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഫ്യൂഡല്‍ കാലത്തില്‍ നിന്ന് ഏറെ മുന്നേറി മുതലാളിത്തത്തിന്റെ കാലഘട്ടത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രസാഹചര്യത്തിലും
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നോട്ടു വെക്കാനുള്ളത് പഴയ ഫ്യൂഡല്‍ സദാചാര മൂല്യങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവ തഴയപ്പെടുക തന്നെ ചെയ്യും.

നുണകള്‍ നിറഞ്ഞ പൊതുബോധത്തിനകത്ത് റിബലുകളായി മാറുന്നതാണോ പുതുതലമുറയുടെ അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്നവരുണ്ടാക്കിയ നുണകള്‍ ഏറ്റെടുക്കേണ്ട ബാധ്യത തികച്ചും ഉദാരമാക്കപ്പെട്ടിട്ടുള്ള ഒരു സാമ്പത്തിക സാഹചര്യത്തില്‍ ഇന്നത്തെ യൗവനത്തിനില്ലെന്നും തിരിച്ചറിയുന്നത് നന്ന്. ഈ തിരിച്ചറിവിലേക്ക് എത്തിപ്പെടാതെ 'സദാചാര പൊലീസ്' ആയി മുന്നേറാം എന്ന് സിപിഎം പോലുള്ള രാഷ്ട്രീയ സംഘടനകള്‍ കരുതുന്നുവെങ്കില്‍ അവര്‍ സാംസ്‌കാരികമായി കൈയേറ്റം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു എന്ന് വേണം കരുതാന്‍. അഥവാ കമ്മ്യൂണിസ്റ്റു ചമയുന്ന ഇത്തരക്കാരുടെ കൈയേറ്റങ്ങള്‍ ശ്രീരാമസേനയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്ന്.