17/9/10

മെംഘാവോബി ഇറോം ശര്‍മ്മിള

 “How shall I explain? It is not a punishment,
but my bounden duty…”
 ന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശത്ത് താമസിക്കുന്ന ഇറുകിയ കണ്ണുകളും കുറിയ ശരീരവുമുള്ള കുറെ പാവം മനുഷ്യരെ രാജ്യം ശത്രുപക്ഷത്ത് നിറുത്തിയതിനെതിരെയാണ് ഇറോം ശര്‍മ്മിള സമരം തുടങ്ങിയത്. നാട്ടിലെ ആണുങ്ങളെ വെടിവെച്ചും  പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്തും കുട്ടികളെ തീയിട്ടും കൊന്നു തള്ളുന്ന ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നത് മാത്രമാണ് ശര്‍മ്മിള ചാനുവിന്റെ ആവശ്യം. നാട്ടുകാരനുഭവിക്കുന്ന കെടുതികളുടെ കൊടുമയില്‍ മനസ്സ് നൊന്താണ് വിശന്നിരിക്കാം എന്ന തീരുമാനം ശര്‍മ്മിള എടുത്തത്. ഇന്ത്യയുടെ ഭാഗമാണോ എന്ന് ഇന്ത്യക്കാര്‍ ഇപ്പോഴും സംശയിക്കുന്ന വടക്കു കിഴക്കന്‍ പ്രദേശത്ത് ഒരു പെണ്‍കുട്ടി പട്ടിണി കിടക്കുന്നത് അവരെ വല്ലാതൊന്നും അലട്ടുന്നില്ല എന്നതിന്റെ തെളിവാണ് ശര്‍മ്മിളയുടെ സമരം പത്താം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റ കടിഞ്ഞാണ്‍ കൈവശമുള്ള രാജ്യത്തെ ഇടത്തരക്കാര്‍ ഇടക്കിടെ ചില അവാര്‍ഡുകള്‍ കൊണ്ടുനല്‍കി സമാധാനം നേടുന്നു. ഗിന്നസ് ബുക്കില്‍ ഇനിയവരെ ആര്‍ക്കും പിന്തള്ളാനാവില്ല എന്നു പറയുന്നവരുമുണ്ട്. നീണ്ട പത്ത് വര്‍ഷത്തിനിടെ അവര്‍ക്ക് ലഭിച്ച നിരവധി അവാര്‍ഡുകളുടെ പട്ടികയിലേക്ക് ഒരു പേരു കൂടി കഴിഞ്ഞയാഴ്ച വന്നു ചേര്‍ന്നു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സമാധാനത്തിനുള്ള രബീന്ദ്രനാഥ ടാഗോര്‍ സമ്മാനം വീണ്ടും ശര്‍മ്മിളയെ വാര്‍ത്തകളില്‍ നിറക്കുന്നു. ഇത്തരം സമ്മാനങ്ങളുടെ പിന്‍ബലമില്ലെങ്കില്‍ ഒരു പക്ഷെ ഇന്ത്യന്‍ മാധ്യമരംഗവും അവരെ ചോര്‍ത്തിക്കളഞ്ഞേനെ.
സ്വാതന്ത്ര്യാനന്തര ഇന്ത്യ തിരിച്ചറിഞ്ഞ ആദ്യത്തെ 'ആഭ്യന്തര ഭീഷണി'കളില്‍ ഒന്നാണ് മണിപ്പൂര്‍. തങ്ങളുടെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളോട് ആഴത്തില്‍ കൂറ് പുലര്‍ത്തുന്നവരാണ് മണിപ്പൂരി ജനത. സ്വന്തം ദേശത്തനിമ നിലനിര്‍ത്താനുള്ള മണിപ്പൂരികളുടെ ആഗ്രഹത്തെ ചില കാടന്‍ നിയമങ്ങള്‍ വഴിയാണ് രാജ്യം നേരിട്ടത്.

മെയ്ത്രാബാക് രാജ്യത്തെ മെയ്ദിംഗുമാര്‍
രണ്ടാം ലോകമഹായുദ്ധ കാലം മുതല്‍ക്കാണ് മണിപ്പൂര്‍ അശാന്തിയിലേക്ക് വഴുതിത്തുടങ്ങിയത്.  ബ്രിട്ടിഷുകാര്‍ അധികാരത്തിലേറ്റിയ മെയ്ദിംഗു ചുരചന്ദ് സിംഗ് മഹാരാജാവിന്റെ മരണശേഷം മെയ്ത്രാബാക്(അങ്ങനെയാണ് രാജഭരണകാലത്ത് മണിപ്പൂര്‍ അറിയപ്പെട്ടത്. ഇതു കൂടാതെ ഇരുപതോളം പേരുകള്‍ വേറെയുമുണ്ട്) രാജ്യത്തിന്റെ അധിപനായി മെയ്ദിംഗു ബോധചന്ദ്ര സിംഗ് ചുമതലയേറ്റു. ലെയ്മ അഥവാ മഹാറാണിയായ നേപ്പാള്‍ രാജകുമാരി ഇശോരി ദേവിയോടൊപ്പമാണ് ബോധചന്ദ്ര  ബ്രിട്ടീഷ് അധീനതയിലുള്ള മണിപ്പൂര്‍ കോട്ടയിലിരുന്ന് ഭരണം നടത്തിയത്. ബ്രിട്ടിഷുകാരുടെ കീഴില്‍ മെയ്ത്രാബാക് രാഷ്ട്രം വന്നതിന്റെ കൃത്യം അന്‍പതാം വര്‍ഷത്തില്‍, 1941ലാണ് ബോധചന്ദ്ര അധികാരത്തില്‍ വരുന്നത്. അധികം താമസിയാതെ തന്നെ മണിപ്പൂരിന്റെ ഭാവിഭാഗധേയം നിര്‍ണയിച്ച രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ലോകയുദ്ധം നേരിട്ട് ബാധിച്ച ചുരുക്കം ചില ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്നായി മണിപ്പൂര്‍. ജപ്പാന്‍ സഹായമുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മി മണിപ്പൂരിനെ ആക്രമിച്ചു. നിരന്തരമായ ബോംബ് വര്‍ഷങ്ങളില്‍ ഇംഫാല്‍ നഗരം നടുങ്ങി. ഉദ്യോഗസ്ഥരും കച്ചവടക്കാരും നഗരം വിട്ടോടി. അവിശ്വസനീയമായ തരത്തില്‍ അവശ്യവസ്തുക്കള്‍ക്ക് വിലകയറി.
1944 ഏപ്രില്‍ 14ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മി ജനറല്‍ എസ് എഛ് മാലിക് മണിപ്പൂരില്‍ ഇന്ത്യന്‍ പതാക പാറിച്ചു. അങ്ങനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ആദ്യത്തെ രാഷ്ട്രമായിത്തീര്‍ന്നു മണിപ്പൂര്‍. 1946-ല്‍ സ്വന്തമായ ഭരണഘടനയോടു കൂടിയ സര്‍ക്കാര്‍ നിലവില്‍ വന്നു. 1948ല്‍ മണിപ്പൂരില്‍ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ മണിപ്പൂരിനെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.  1949ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതിച്ചു കൊണ്ടുള്ള രേഖയില്‍ രാഷ്ട്രത്തലവനായ ബോധചന്ദ്ര മഹാരാജാവ്  ഒപ്പു ചാര്‍ത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യം പുറത്ത് കാവല്‍ നിന്നു.

“Menghaobi”, the people of Manipur call her,
 “The Fair One”
''മെംഘാവോബി'' ഇറോം ശര്‍മ്മിള ചാനു 
മണിപ്പൂരികള്‍ മെംഘാവോബി(വത്സലപുത്രി എന്നോ സുന്ദരി എന്നോ മലയാളപ്പെടാം എന്നു തോന്നുന്നു) എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ശര്‍മ്മിള എന്തെങ്കിലും കഴിച്ചിട്ട് പത്ത് വര്‍ഷമായി. ഇങ്ങനെ വിശന്നിരിക്കാന്‍ മാത്രം എന്തുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഇന്ത്യ എന്ന പരമാധികാര രാഷ്ട്രമാണ്. 2000ാമാണ്ട് നവംബര്‍ 4ന് തുടങ്ങിയതാണ്  ശര്‍മ്മിളയുടെ നിരാഹാര സത്യഗ്രഹം. പുസ്തകം വായിച്ചും പ്രാദേശിക മാസികകളില്‍ കവിത എഴുതിയും നടന്നിരുന്ന ഇറോം ശര്‍മ്മിള ചാനു എന്ന പെണ്‍കുട്ടിക്ക് തന്റെ 28ാം വയസ്സില്‍ പട്ടിണിയുടെ സമരമാര്‍ഗം തെരഞ്ഞെടുക്കേണ്ടി വരികയായിരുന്നു.
ഇംഫാല്‍ താഴ്‌വരയില്‍ ആസ്സാം റൈഫിള്‍സ് നടത്തിയ ഒരു കൂട്ടക്കൊല നേരില്‍ കാണാനിട വന്നതാണ് ഇറോം ശര്‍മ്മിളയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവം. നവംബര്‍ ഒന്നിന് ഇംഫാലിലെ മാലോം ടൗണില്‍ ബസ് കാത്തു നില്‍ക്കുവര്‍ക്കു നേരെ സൈന്യം അന്തമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ധീരതക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സിനം ചന്ദ്രമണി എന്ന 18കാരിയുള്‍പ്പെടെ പത്ത് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മാലോം കൂട്ടക്കൊല എന്ന പേരില്‍ ഈ സംഭവം പിന്നീട് കുപ്രസിദ്ധമായിത്തീര്‍ന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ മാലോമില്‍ എത്തിയ ശര്‍മ്മിള രക്തത്തിലും കണ്ണീരിലും കുതിര്‍ന്ന മണിപ്പൂരിന്റെ സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയെ നേരില്‍ കണ്ടു. ശര്‍മ്മിളയുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ''മണിപ്പൂരികള്‍ പെട്ടെന്ന് രോഷം കൊള്ളുന്നവരാണ്. അവര്‍ ഇതൊന്നും സഹിക്കുകയില്ല.''
ഇറോം ശര്‍മ്മിളയും മണിപ്പൂര്‍ സംസ്ഥാനവും പിറന്നത് ഒരേ വര്‍ഷമാണ്. 1972ല്‍. ഇറോം നന്ദയുടേറയും സഖീദേവിയുടേയും 9 മക്കളില്‍ ഏറ്റവും ഇളയ പുത്രി. പന്ത്രണ്ടാം ക്ലാസ്സോടെ ശര്‍മ്മിളയുടെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. എന്നാല്‍ കവിതയുടെയും വായനയുടെയും 'ശല്യം' അവള്‍ക്കുണ്ടായിരുന്നു. ആ ശല്യം തന്നെയാവണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വലിയ ശല്യമായി മാറാന്‍ ശര്‍മിളയെ പ്രാപ്തയാക്കിയത്.  മണിപ്പൂരിന്റെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന ചില സര്‍ക്കാരിതര സംഘടനകളുമായി ശര്‍മ്മിള ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. മണിപ്പൂരില്‍ സ്തീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില്‍ 2000ാമാണ്ട് ഒക്‌ടോബറില്‍ ശര്‍മ്മിള വളണ്ടിയറായി ചേര്‍ന്നു. മണിപ്പൂര്‍ ജനത അനുഭവിക്കുന്ന കെടുതികളുടെ നേര്‍ സാക്ഷ്യങ്ങള്‍ അവളെ രോഷം കൊള്ളിച്ചു. തൊട്ടടുത്ത മാസം ശര്‍മ്മിള തന്റെ തീരുമാനം പ്രഖ്യാപിച്ചു. മണിപ്പൂരികളെ കൊന്നൊടുക്കുകയും ബലാല്‍സംഗത്തിനിരയാക്കുകയും  ചെയ്യുന്ന സൈന്യത്തെ പിന്‍വലിക്കുന്നതു വരെ നിരാഹാരം. അമ്മയുടെ അനുഗ്രഹത്തോടെ നിരാഹാരം തുടങ്ങി. ശര്‍മ്മിളയുടെ പ്രവൃത്തി ആദ്യമാരും കാര്യമായെടുത്തില്ല. ചിലര്‍ കളിയാക്കി. എന്നാല്‍ ഇറോം ശര്‍മ്മിളയുടേത് വെറും കുട്ടിക്കളിയല്ലെന്ന് സര്‍ക്കാരിന് വൈകാതെ ബോധ്യപ്പെട്ടു. ഒരു നിലയ്ക്കും വഴങ്ങാതിരുന്ന ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ഭക്ഷണം മൂക്കിലൂടെ നിര്‍ബന്ധിതമായി നല്‍കാന്‍ തുടങ്ങി. ഒരോ വര്‍ഷവും ശര്‍മ്മിളയെ സൈന്യം അറസ്റ്റ് ചെയ്യുകയും മോചിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും അപകടകാരികളായ തടവു പുള്ളികളുടെ ഗണത്തില്‍ പെടുന്നു ഇറോം ശര്‍മ്മിള ഇപ്പോള്‍. അതിശക്തമായ സുരക്ഷാ വലയമാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് ചുറ്റുമുള്ളത്. ആര്‍ക്കും അവിടെ പ്രവേശനം ലഭിക്കുന്നില്ല. ശര്‍മ്മിളയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നു പോയ ഒരു എക്‌സ് നക്‌സല്‍ സംഘത്തിന് കുറച്ച് പ്രയാസപ്പെടേണ്ടി വന്നതായാണ് അറിവ്.

“I was shocked by the dead bodies of Malom on the front page,”
 Sharmila had said in her clear.
 I was on my way to a peace rally but
 I realised there was no means to stop
 further violations by the armed forces.
So I decided to fast.”


ഭരണകൂട കൊടുമകള്‍
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ 'ശല്യക്കാ'രാണെന്ന് ഇന്ത്യന്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യ ലബ്ധി മുതല്‍ക്കു തന്നെ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിനു വേണ്ടി 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രൂപം നല്‍കിയ ആസ്സാം റൈഫിള്‍സ് എന്ന സൈനിക വിഭാഗത്തിന് മൂര്‍ച്ച കൂട്ടുക എന്നതാണ് ശല്യം തീര്‍ക്കാന്‍ ഇന്ത്യാ ഗവര്‍മെണ്ട് കണ്ടെത്തിയ പരിഹാരം. അരുണാചല്‍ പ്രദേശ്, ആസ്സാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ പ്രദേശങ്ങളില്‍ 'സായുധസേനാ പ്രത്യേകാധികാര നിയമം' കൊണ്ടു വന്നു. 1958ലായിരുന്നു ഇത് (1990ല്‍ ഇതേ നിയമം കശ്മീരിനു ബാധകമാക്കി). ഈ നിയമപ്രകാരം ഒരു സൈനികന് ആരെയും വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് നിയമലംഘനം നടത്തുന്നതായി  ബോധ്യപ്പെട്ടാല്‍ സൈനികര്‍ക്ക് വെടിയുതിര്‍ക്കാം. വാറണ്ടില്ലാതെ അറസ്റ്റ് നടത്താം. ഇതിനെല്ലാം പുറമെ സൈനികര്‍ നടത്തുന്ന ഏത് പ്രവൃത്തിയും ജുഡീഷ്യറിയുടെ ഇടപെടലിന് അതീതമാണ്. 1958 മുതല്‍ ഈ കാടന്‍ നിയമത്തിന്റെ ബലം കൈമുതലായതു മുതല്‍ സൈനിക വിഭാഗങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയില്‍  കാണിച്ചു കൂട്ടുന്ന കൊടുമകള്‍ അറ്റമില്ലാത്തതാണ്. 
 ആസ്സാം റൈഫിള്‍സ് സൈനികര്‍ സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന മേംജാബ് മനോരമാ ദേവിയെ ബലാല്‍സംഗം ചെയ്തു കൊന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യം. എന്നാല്‍ പുറം ലോകത്തിന്റെ അറിവില്‍ പെടാത്ത ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് മണിപ്പൂരികള്‍ സാക്ഷികളാണ്. 1987ല്‍ നാഗാ കുട്ടികളെ അവരുടെ അമ്മമാരുടെ കണ്‍മുന്നില്‍ വെച്ച് സൈനികര്‍ തീയിട്ടു കൊന്നതും 1998ല്‍ സനമാച്ച എന്ന 15കാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതു കൊന്നതുമെല്ലാം മണിപ്പൂരികളുടെ മനസ്സില്‍ രോഷമായി പുകഞ്ഞുകൊണ്ടിരിക്കുന്നു.
കോടിക്കണക്കിന് സാധാരണക്കാര്‍ പട്ടിണി കിടക്കുന്ന ഇന്ത്യാരാജ്യത്ത് ഒരു പെണ്‍കിടാവ് നിരാഹാരം കിടക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി എന്നെല്ലാം പറഞ്ഞാല്‍ അത് അതിശയോക്തിയാവും. ഇത്തരം ഏര്‍പ്പാടുകളെ പ്രതിരോധിക്കാനുള്ള ശേഷി  ദേശീയ പ്രസ്ഥാന കാലത്തു തന്നെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജിച്ചതാണ്. നിരാഹാരമിരിക്കുന്നത് മനശ്ശുദ്ധി, ശരീരശുദ്ധി തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന വസ്തുത യൂറോപ്യന്‍ക്കറിയില്ല. അവര്‍ക്കുള്ള മാതിരി ആശങ്കയൊന്നും ഇന്ത്യയില്‍ ഉണ്ടാവേണ്ട കാര്യവുമില്ല. ഗാന്ധിജി നിരാഹാരമിരിക്കുമ്പോള്‍ ആശങ്കപ്പെടാന്‍ ജനാധിപത്യ ബോധമുള്ള അധിനിവേശക്കാര്‍ ഇന്ത്യാരാജ്യത്തുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പുതിയ സാമ്പത്തിക പരിതസ്ഥിതി പ്രദാനം ചെയ്യുന്ന അനന്തമായ അവസരങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കാതെ എന്തിനാണ് ഈ പെണ്‍കുട്ടി സമയം മിനക്കെടുത്തുന്നത്  എന്ന് ആശങ്കപ്പെടുന്ന ഒരു 'ഇക്കണോമിസ്റ്റ് പ്രം മിനിസ്റ്റ'റുടെ കീഴിലാണ് രാജ്യം.
ഇറോം ശര്‍മ്മിളക്കുള്ള വിജയപ്രതീക്ഷ അങ്ങനെത്തന്നെ നിലനില്‍ക്കട്ടെ. പക്ഷെ യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കുന്നതില്‍ അര്‍ഥമില്ല. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ആകമാനം അഴിച്ചു പണിയുന്ന തരത്തിലുള്ള ഒരു മാറ്റമാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കശ്മീര്‍ തെലങ്കാന മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. 'ഭാഷാ സംസ്ഥാനം' എന്ന ആശയം കൊണ്ട് തൃപ്തിപ്പെട്ട കാലത്തിന്റെ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. കറുപ്പും വെളുപ്പുമായി പ്രശ്‌നങ്ങളെ കാണാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണ് പുതിയ രാഷ്ട്രീയ പരിസരം. എന്നാല്‍ ഇന്നത്തെ ഭരണകൂട ആശയശാസ്ത്രത്തിനകത്ത് പ്രശ്‌നങ്ങളുടെ പരിഹാരം അവയുടെ കമ്പോള പ്രതിഫലനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഗതികേട്. ഇറോം ശര്‍മ്മിളയുടെ നിരാഹാരം രാജ്യത്തിന്റെ വിലക്കയറ്റ സൂചികയിലും വളര്‍ച്ചാ നിരക്കിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി കണക്കു കൂട്ടുന്നുണ്ടാവണം.