27/8/10

'കാവി ഭീകരത'

'കാവി ഭീകരത' എന്ന 'പുതിയ' ഭീഷണിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം വന്നിരിക്കുന്നു. ഇത്തരമൊരു നീക്കം കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ഇതിലുള്ള ശരിയായ പുതുമ. എന്നിരിക്കിലും വലത് തീവ്ര ഹൈന്ദവികതയോട് കോണ്‍ഗ്രസ്സ് ഏതു കാലത്തും സ്വീകരിച്ചിട്ടുള്ള ആ കുപ്രസിദ്ധമായ മൃദുസമീപനത്തില്‍ നിന്ന് പിന്മാറുന്നതിന്റെ സൂചനയാണ് ചിദംബരത്തിന്റെ പ്രസ്താവന എന്ന് അധികമാരും കരുതുന്നില്ല. തിലകന്റെയും പട്ടേലിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിന് വലത് ഹിന്ദുത്വത്തെ കൂടി ഉള്‍ക്കൊള്ളാനുള്ള 'വിശാല' ജനാധിപത്യമനസ്സ് എന്നുമുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പറിച്ചെറിയാന്‍ കഴിയാത്ത വിധത്തില്‍ അത് കോണ്‍ഗ്രസ്സിന്റെ ജൈവശരീരവുമായി ഇഴുകിച്ചേര്‍ന്നതിന്  നിരവധി തെളിവുകളുമുണ്ട്. സിഖ് വിരുദ്ധ കലാപം, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സ് സൃഷ്ടിച്ചെടുത്ത രാഷ്ട്രവ്യവസ്ഥയുടെയും അടിക്കല്ല് ഏതാണെന്ന് സ്പഷ്ടമായി തുറന്ന് കാട്ടിയിട്ടുണ്ട്.

കാവി പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ഇപ്പോഴും ബഹളം തുടരുകയാണ്. പി ചിദംബരം പ്രസ്താവന പിന്‍വലിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇക്കാര്യത്തില്‍ ചിദംബരത്തിന് ഇപ്പോഴും കിട്ടിയിട്ടില്ല. കാവി പാരമ്പര്യത്തിന്റെ നിറമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായം. തീവ്രവാദത്തിന് നിറമില്ലെന്ന വാദം കൂടി അവര്‍ മേമ്പൊടി ചേര്‍ക്കുന്നുണ്ട്.  നാഗ്പൂരില്‍ നിന്നുള്ള തീട്ടൂരത്തിന്റെ ആവശ്യം പോലും ബി ജെ പിക്ക്് ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യം. എന്നാല്‍  രാജ്യത്ത് 'മുസ്ലിം തീവ്രവാദം', 'ഇടതുപക്ഷ തീവ്രവാദം' തുടങ്ങിയവ വേരു പിടിച്ചതായി അമാന്തമൊന്നും കൂടാതെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനകത്തു നിന്ന് (ബോധപൂര്‍വ്വമല്ലെങ്കിലും) ഇത്ര വൈകി ഈ പ്രത്യേക സന്ദര്‍ഭത്തില്‍ പുറത്തുവരുന്ന കുമ്പസാര സമാനമായ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ അര്‍ഥമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഗുജറാത്ത് കലാപം നടന്നപ്പോഴും ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടപ്പോഴും രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയുടെ 'ഭദ്രത' കാക്കുന്നതിനായി നിശ്ശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ്സ്   നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മക്കാ മസ്ജിദ് തുടങ്ങി നിരവധി സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരര്‍ക്ക്‌
പങ്കുണ്ടെന്ന് തെളിവു ലഭിച്ചിട്ടു പോലും പ്രശ്‌നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ഹിന്ദുത്വ അജന്‍ഡകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ നീങ്ങുന്നതും   ഒരു പതിവു കാഴ്ചയാണ്. മക്കാ മസ്ജിദ് സ്‌ഫോടനം നടത്തിയ  പ്രതികളിലൊരാളുടെ മരണം അന്വേഷണം തന്നെ അവസാനിപ്പിക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വിശ്വസിച്ച് പ്രസ്താവന ഇറക്കിയതും ഇതേ ചിദംബരം തന്നെയാണെന്നോര്‍ക്കണം. ശിവസേനയും ശ്രീരാമസേനയും അടക്കമുള്ള ഹിന്ദുത്വ സൈനികരോടും മൃദുസമീപനം തന്നെയാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്.

ചിദംബരത്തിന്റെ പ്രസ്താവന കടന്നു വരുന്ന രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ അളമുട്ടിയപ്പോള്‍ കടിച്ച ചേരയാണ് അതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. രാഷ്ട്രത്തെ 9 ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്തിക്കുക, ഇരട്ടസംഖ്യയില്‍ എത്തി നില്‍ക്കുന്ന വിലക്കയറ്റ സൂചികയെ താഴോട്ട് പിടിച്ചു കൊണ്ടു വരിക, ആഗോള കുത്തക കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സൗകര്യം ഒരുക്കിക്കൊടുക്കുക, അമേരിക്കന്‍ നയപരിപാടികള്‍ക്കനുസരിച്ച് നീങ്ങുവാന്‍ വഴക്കമുള്ള ഒരു സാമ്പത്തിക-രാഷ്ട്രീയ നയതന്ത്രം രൂപപ്പെടുത്തുക തുടങ്ങിയ സര്‍ക്കാരിന്റെ അടിസ്ഥാന പദ്ധതികള്‍ക്കെല്ലാം തടസ്സമായി വരുന്നത് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിഘടനവാദപരമായ നീക്കങ്ങളാണ്. വിഘടനവാദത്തിന്റെ യും വിമത നീക്കങ്ങളുടെയും മത-ജാതി-വംശ തീവ്രവാദങ്ങളുടെയും യഥാര്‍ഥ ഉറവിടം ഈ പറഞ്ഞ നയപരിപാടികളെല്ലാമാണെന്നത് മറ്റൊരു കാര്യം.

അമേരിക്കന്‍ ഉന്മുഖത്വമുള്ള നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ ആദ്യം തിരിച്ചറിഞ്ഞ തീവ്രവാദങ്ങള്‍ 'മുസ്‌ലിം തീവ്രവാദ'വും 'സിഖ് തീവ്രവാദ'വുമാണ്. സിഖ് മതത്തിനെതിരായ പ്രചാരണം ഏറ്റെടുത്തു നടപ്പാക്കിയത് ഇന്ത്യയുടെ രാഷ്ട്ര വ്യവസ്ഥയുടെ സ്വന്തം തീരുമാന പ്രകാരമായിരുന്നെങ്കില്‍ ഇസ്‌ലാം മതത്തിന്റെ കാര്യത്തില്‍ അതിന് നിരവധി അന്തര്‍ദ്ദേശീയ മാനങ്ങളുണ്ടായിരുന്നു എന്നു മാത്രം. മറ്റൊന്ന് ബംഗാളിലെ വെസ്റ്റ്് മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ നോര്‍ത്ത് തെലങ്കാന വരെയുള്ള പത്ത് നാല്‍പ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് ആഴത്തില്‍ വേരോടിയ ഇടതു തീവ്രവാദമാണ്.  ഇങ്ങനെ പറയുമ്പോഴും അവയ്ക്ക് ഒരു 'പൊതു' പ്രത്യയശാസ്ത്ര പരിസരം ഉണ്ടായിരുന്നതായി കാണാന്‍ സാധിക്കും. അത് 80-കളില്‍ ലോകത്താകമാനം വ്യാപിക്കാന്‍ തുടങ്ങിയതും 90-കളുടെ ആദ്യത്തില്‍ ഇന്ത്യ ഏറ്റെടുത്തു നടപ്പാക്കാന്‍ തുടങ്ങിയതുമായ നവ സാമ്പത്തിക വ്യവസ്ഥയാണ്. ഊഹമൂലധന കേന്ദ്രിതമായ സാമ്പത്തികവ്യവസ്ഥയാണ് രാജ്യത്ത് നടക്കുന്ന, നടക്കേണ്ട സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളെ നിര്‍ണ്ണയിക്കേണ്ടത്, നിയന്ത്രിക്കേണ്ടത്. ഇക്കാര്യത്തില്‍ വരുത്തുന്ന ഏതൊരു വിട്ടുവീഴ്ചയും ബാധിക്കുക കോണ്‍ഗ്രസ്സിന്റെ നിലവിലെ താല്‍ക്കാലിക രാഷ്ട്രീയ അടിത്തറയെയാണ്.  അതുകൊണ്ട് കോണ്‍ഗ്രസ്സിനകത്തു നിന്നു വരുന്ന ചിദംബര പ്രസ്താവത്തെ കാണേണ്ടത് അത് ഇപ്പോള്‍ നിലകൊള്ളുന്ന കമ്പോള കേന്ദ്രിത വ്യവസ്ഥക്ക് അസ്വാസ്ഥ്യമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസമായാണ്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനകത്ത് ഒരു താല്‍ക്കാലിക സ്ഖലനത്തിപ്പുറം നില്‍ക്കുന്ന ഒന്നായി പരിഗണിക്കപ്പെടുകയുമില്ല. കാരണം, മാറിയ സാമ്പത്തിക പരിതസ്ഥിതിക്കകത്ത് നിലകൊള്ളുന്ന അതിന്റെ താല്‍ക്കാലിക രാഷ്ട്രീയ മേല്‍പ്പുര പടുത്തുയര്‍ത്തിയിരിക്കുന്നത് ഏത് അടിത്തറയിലാണെന്നതാണ് പ്രധാനം.
       

  

13/8/10

ഇന്ത്യന്‍ ഗറില്ലാ നീക്കങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമികയും നയതന്ത്രവും

ദക്ഷിണേഷ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടക്ക് നടന്ന ഏറ്റവും വലിയ സംഭവ വികാസങ്ങളിലൊന്ന് മേഖലയില്‍ മാവോയിസ്റ്റ് ആശയശാസ്ത്രം നടത്തുന്ന ഇടപെടലുകള്‍ ശക്തിയാര്‍ജ്ജിച്ചതാണ്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തന്ത്രപരമായ മുന്നേറ്റമാണ് ഇവയില്‍ പ്രധാനമായത്. പ്രചണ്ഡയുടെ നേതൃത്വത്തില്‍ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ്) സംഘടനാപരമായി നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നതായാണ് നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു കയറി അധികാരം പിടിച്ചക്കുവാന്‍ നേപ്പാള്‍ മാവോയിസ്റ്റുകളെടുത്ത നിര്‍ണായകമായ തീരുമാനം 'നേപ്പാള്‍ വിപ്ലവം' സാധ്യമാക്കും എന്ന ആത്മവിശ്വാസം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് ഗറില്ലാ സേനയെ നേപ്പാള്‍ സൈന്യത്തില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതിന്റെ ഫലമായാണ് പ്രചണ്ഡയുടെ സര്‍ക്കാര്‍ നിലം പൊത്തിയതെന്നും ഓര്‍ക്കുക.

ഇന്ത്യന്‍ രാഷ്ട്രീയത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. പശ്ചിമബംഗാളിലെ വടക്കന്‍ മിഡ്‌നാപൂര്‍ മുതല്‍ ആന്ധ്രപ്രദേശിലെ തെലങ്കാന വരെയുള്ള വിശാലമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. മേഖലയില്‍ പലയിടങ്ങളിലും 'വിമോചിത മേഖലകള്‍' എന്നറിയപ്പെടുന്ന, മാവോയിസ്റ്റ് സമാന്തര ഭരണം നടക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ 'ആഭ്യന്തര സുരക്ഷാ ഭീഷണി'യായി മാവോയിസം മാറിക്കഴിഞ്ഞു. 'നക്‌സല്‍ ബാധിത' പ്രദേശങ്ങളെ വിമോചിതമാക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന സൈനിക നീക്കത്തിനെതിരായി പൊതുവികാരമുയര്‍ത്താന്‍ മാവോയിസ്റ്റുകളുടെ പ്രചാരണങ്ങള്‍ക്കു കഴിഞ്ഞു. ബുദ്ധിജീവികള്‍ക്കിടയില്‍ നക്‌സലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ വെച്ചു നടന്ന 'ജനകീയ വിചാരണ' എന്ന മാവോയിസ്റ്റ് അനുകൂല പരിപാടിയില്‍ രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പങ്കുകൊള്ളുകയുണ്ടായി. കാര്യങ്ങള്‍ ഇപ്രകാരം വികസിക്കുന്നത് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ സാധ്യതയെയും ഇല്ലാതാക്കിയിട്ടുണ്ട്. ജനങ്ങളെ മുന്‍നിര്‍ത്തി മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങള്‍ സൈനിക നേതൃത്വത്തെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു. മാവോയിസ്റ്റ് മേഖലയില്‍ വ്യോമസേനക്ക് വെടിയുതിര്‍ക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കം തന്ത്രപരമാണെങ്കിലും എത്രമാത്രം വിജയകരമാവുമെന്നത് കണ്ടു തന്നെ അറിയണം.

വടക്കന്‍ മേഖലയില്‍ സ്വാധീനമുള്ള മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും തെക്കന്‍ മേഖലയിലെ പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പും തമ്മില്‍ 2004ല്‍ നടന്ന ലയനം രാജ്യത്തെ മാവോയസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക്് ശക്തി പകര്‍ന്ന ഒരു നീക്കമായിരുന്നു. ദശകങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തും വലിയ സൈനിക അടിത്തറയുമുള്ള പ്യൂപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആദ്യം പാര്‍ട്ടി യൂണിറ്റിയുമായി ലയിക്കുകയാണുണ്ടായത്. പിന്നീടാണ് മൂന്ന് കോടിയോളം വരുന്ന ജനങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന എം സി സി യുമായി ലയനം നടക്കുന്നത്. ഇതോടെ 40,000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വലിയ ഭൂവിഭാഗത്തിലാണ് അവര്‍ ആധിപത്യമുറപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ റെഡ് കോറിഡോര്‍ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് ഭൂപ്രദേശം ഇങ്ങനെ രൂപപ്പെട്ടതാണ്.  ഇടപെടുന്ന മേഖലയുടെ കാര്‌യത്തിലും ജനപിന്തുണ, സൈനികശേഷി, അനുഭവ സമ്പത്തുള്ള നേതൃത്വനിര എന്നിവയുടെ കാര്യത്തിലും വന്നുപെട്ട മാറ്റം മാവോയിസ്റ്റുകളുടെ ബലതന്ത്രരാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി. ഇത് പാര്‍ട്ടിയുടെ നയസമീപനത്തിലും സ്വാഭാവികമായ മാറ്റം വരുത്തിയിട്ടുണ്ട്.

ദണ്ഡകാരണ്യ വനമേഖലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നത് ശക്തമാക്കുക എന്നത് മാത്രമല്ല ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനം. സമകാലിക രാഷ്ട്രീയ രംഗത്തിന്റെ ജീര്‍ണത മുതലെടുക്കുവാന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിച്ചതിന്റെ ഉദാഹരണമാണ് ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന രാഷ്ട്രീയക്കളികള്‍. നഗരങ്ങളെ വളയുക എന്ന മാവോ രീതിശാസ്ത്രത്തെയും പ്രായോഗികമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇതിന് വ്യാപകമായ അനുകൂലഫലങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൈനയുടെ സഹായം നേപ്പാളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതായാണ് സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍. എന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിവുള്ളവര്‍ ഈ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ഇന്ത്യയില്‍ ബാങ്കുകളും എ ടി എമ്മുകളും ഉള്ളിടത്തോളം കാലം മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.'ശത്രുവിന്റെ ആയുധപ്പുര'യെ ഉപയോഗിക്കുക എന്ന മാവോ സൂക്തം ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ വിദഗ്ധമായി പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നര്‍ഥം.